വിലക്കയറ്റം: പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഉള്ളി സൗജന്യമായി നല്‍കി ബംഗാളിലെ പ്രാദേശിക നേതൃത്വം

വിലക്കയറ്റത്തിനിടയില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഉള്ളി സൗജന്യമായി നല്‍കി ബംഗാളിലെ പ്രാദേശിക നേതൃത്വം. ബംഗാളിലുളള ഡം ഡം പ്രദേശത്തെ പ്രാദേശിക ക്ലബ്ബായ ഗോരബസാര്‍ സംഘ മിത്രയാണ് സൗജന്യമായി ഉള്ളി വിതരണം ചെയ്തത്്. 160 കുടുംബങ്ങള്‍ക്ക് ഒരുകിലോ ഉള്ളിയാണ് വിതരണം ചെയ്തത്.

ഉള്ളിവില കൂടുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ദുരിതങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നേതൃത്വത്തിന്റെ ഇടപെടല്‍. എന്താണ് ഈ പദ്ധതി ആവിഷ്‌കരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ചോദിച്ചപ്പോള്‍ “ഭക്ഷണം ആളുകളെ ഹൃദയവുമായി ബന്ധിപ്പിക്കുന്നു, ബംഗാളിയേക്കാള്‍ നന്നായി ആര്‍ക്കും ഇത് മനസ്സിലാക്കാന്‍ കഴിയില്ല” എന്നായിരുന്നു ഗോരബസാര്‍ സംഘ മിത്രയുടെ പ്രസിഡന്റിന്റെ മറുപടി.

പാവപ്പെട്ടവര്‍ക്ക് കടകളില്‍ പോയി പച്ചക്കറി വാങ്ങി ആഹാരം പാകം ചെയ്ത് കഴിക്കാന്‍ കഴിയില്ല. ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പച്ചക്കറികള്‍ സൗജന്യമായി വിതരണം ചെയ്യാന്‍ തീരുമാനിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു. ഇതാദ്യമായല്ല മിത്ര ക്ലബ് ഇതുപോലൊരു സന്നദ്ധപ്രവര്‍ത്തനം നടത്തുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഉരുളക്കിഴങ്ങിന്റെ വില കിലോഗ്രാമിന് 80 മുതല്‍ 90 രൂപ വരെ ഉയര്‍ന്നപ്പോള്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി പച്ചക്കറികള്‍ വിതരണം ചെയ്തിരുന്നു.