ഇടത് അംഗബലം അഞ്ചിൽ ഒതുങ്ങി, നാലും തമിഴ്‌നാട്ടിൽ നിന്ന്, തുണയായത് ഡി.എം.കെ സഖ്യം, കേരള സർക്കാരിനെ കുറിച്ച് ആശങ്ക

പതിനേഴാം ലോക്സഭയിൽ ഇടതുപക്ഷത്തിന്റെ മൊത്തം അംഗബലം അഞ്ചിലേക്ക് ചുരുങ്ങും. സി പി എമ്മിന് മൂന്ന് സീറ്റുകൾ ലഭിക്കുമ്പോൾ സി പി ഐയ്ക്ക് രണ്ടു പേരുണ്ടാകും. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇടതുപാർട്ടികളുടെ അംഗസംഖ്യ ഒറ്റ അക്കത്തിലേക്ക് ഒതുങ്ങുന്നത്. കഴിഞ്ഞ ലോക്സഭയിൽ സി പി എമ്മിന് ഒമ്പത് പേരും സി പി ഐ യ്ക്ക് ഒരാളുമാണ് ഉണ്ടായിരുന്നത്. സി പി ഐയ്ക്ക് തങ്ങളുടെ അംഗബലം ഇരട്ടിയാക്കി ഉയർത്താൻ കഴിഞ്ഞുവെന്ന് അവകാശപ്പെടാൻ കഴിയുമെങ്കിലും സി പി എമ്മിന് പതിനാറാം ലോക്സഭയിലേക്കാൾ ആറ് അംഗങ്ങളാണ് കുറയുന്നത്.

ഏറ്റവും ശ്രദ്ധേയമായ കാര്യം, സി പി എമ്മിന്റെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിൽ വൻ തിരിച്ചടി നേരിട്ടപ്പോൾ തമിഴ്‌നാട്ടിൽ നിന്നാണ് അവർക്ക് രണ്ടു സീറ്റ് നേടാൻ കഴിഞ്ഞത് എന്നതാണ്. ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ നിന്ന് സി പി എം പാടെ തുടച്ചു നീക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിലാകട്ടെ,  ഒരു സീറ്റിൽ ഒതുങ്ങി.പതിനഞ്ചാം ലോക് സഭയിൽ സി പി എമ്മിന് 16 അംഗങ്ങള്‍ ഉണ്ടായിരുന്നു. സി പി ഐ ക്ക് നാലു പേരും.

ഒന്നാം യു പി എ ഭരണത്തിലെ പതിനാലാം ലോക് സഭയിൽ 44 അംഗങ്ങളുമായി നിർണായക സ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പാർട്ടിയാണ് സി പി എം. അതേ പാർലിമെന്റിൽ സി പി ഐ യ്ക്കുണ്ടായിരുന്നത് 11 സീറ്റുകളാണ്. ആർ എസ് പിയുടെ മൂന്ന് സീറ്റുകളടക്കം ഒരു ബ്ലോക്കായി ഇടതു പക്ഷത്തിന് 58 അംഗങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്താണ് അത് അഞ്ചിലേക്ക് ചുരുങ്ങിയിരിക്കുന്നത്.

കേരളത്തിൽ ആലപ്പുഴ, തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, മധുര എന്നീ മണ്ഡലങ്ങളാണ് സി പി എമ്മിന്റെ മാനം കാത്തത്. തമിഴ്‌നാട്ടിലെ തന്നെ നാഗപട്ടണം, തിരുപ്പൂർ എന്നീ മണ്ഡലങ്ങളിലാണ് സി പി ഐയുടെ വിജയം. അതായത് ഇടതുപക്ഷ പാർട്ടികളെ പിടിച്ചു നിർത്തിയത് ഇക്കുറി തമിഴ്നാടാണ്. ഡി എം കെയുമായി സഖ്യം ഉണ്ടായത് മൂലമാണ് നാലു സീറ്റുകളിൽ വിജയിച്ച് മാനം കാക്കാൻ ഇടതുപാർട്ടികൾക്ക് കഴിഞ്ഞത്.

പതിമൂന്നാം ലോക് സഭയിൽ 35 പ്രതിനിധികളാണ് സി പി എമ്മിനുണ്ടായിരുന്നത്. സി പി ഐ ക്ക് അഞ്ചു പേരും. അതിനു മുമ്പുള്ള രണ്ടു പാർലിമെന്റുകളിൽ 32 അംഗങ്ങൾ വീതമാണ് സി പി എമ്മിന് ഉണ്ടായിരുന്നത്. ഒന്നാം ലോക്സഭയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 17 സീറ്റുകൾ ഉണ്ടായിരുന്നു. പിന്നീട് ഓരോ ലോക്സഭയിലും നില മെച്ചപ്പെടുത്തിയ ഇടതുപക്ഷം ശരാശരി 40 സീറ്റുകൾ ജയിച്ചിരുന്നു. ഇന്ത്യൻ പാർലിമെന്ററി ചരിത്രത്തിൽ ഏറ്റവും ദയനീയമായ പതനമാണ് ഇത്തവണ ഇടതു പാർട്ടികൾക്കുണ്ടായിരിക്കുന്നത്. സ്വന്തമായി ജയിച്ചു എന്ന് പറയാവുന്നത് ആലപ്പുഴയിൽ മാത്രവും. അതും വളരെ നിറംമങ്ങിയ ജയവും.

ഇന്ത്യൻ പാർലിമെന്റിൽ ഇടതുപക്ഷത്തിന്റെ ശക്തി കുറയ്ക്കുക എന്നത് രാഷ്ട്രീയ എതിരാളികളേക്കാൾ ഒരു കോർപറേറ്റ് അജണ്ടയാണ്. ഒന്നാം യു പി എ ഭരണകാലം മുതലാണ് ഇതിനു വേണ്ടിയുള്ള തീവ്രശ്രമം തുടങ്ങുന്നത്. അന്ന് കോർപറേറ്റ് അനുകൂലമായ സാമ്പത്തിക പരിഷ്കരണങ്ങൾ നടപ്പാക്കുന്നതിന് വിലങ്ങുതടിയായത് ഇടതുപക്ഷമാണ്. അമേരിക്കയുമായുള്ള ആണവക്കരാർ നടപ്പാക്കുന്നത് ഇടതു പക്ഷം തടഞ്ഞത് ആഗോള മൂലധന ശക്തികളുടെ എതിർപ്പ് ക്ഷണിച്ചു വരുത്തി. അതിനുശേഷം വിവിധ സംസ്ഥാനങ്ങളിലെ ഇടതു ഭരണം തകർത്ത്,  അവരുടെ സ്വാധീനം കുറക്കാൻ ശക്തമായ നീക്കങ്ങൾ തുടങ്ങിയത് കാണാം. ബംഗാളിൽ തൃണമൂലിനെ ഉപയോഗിച്ച് ലക്‌ഷ്യം കണ്ടപ്പോൾ ത്രിപുരയിൽ ബി ജെ പി അവരുടെ അന്തക വേഷം കെട്ടി. അടുത്തത് കേരളമാണ്. കേരളത്തിൽ ന്യൂനപക്ഷ സ്വാധീനവും ബി ജെ പിക്ക് ശക്തമായ വേരോട്ടം എല്ലായിടത്തും ഇല്ലാത്തതുമാണ് ഇത് അത്ര എളുപ്പം സാക്ഷാത്കരിക്കാൻ
കഴിയാതെ പോയത്. എന്നാൽ ഇക്കുറി പാർലിമെന്റിൽ ഇടതിനെ ഒന്നുമല്ലാതാക്കാൻ കഴിഞ്ഞുവെന്നത് കോർപറേറ്റുകൾക്ക് നേട്ടമാണ്. ഇടതുപാർട്ടികളുടെ നേതാക്കളുടെ ബുദ്ധിശൂന്യത കലർന്ന നീക്കങ്ങളും അഹങ്കാരവും ഭരണത്തിലെ പാളിച്ചകളുമെല്ലാമായപ്പോൾ കാര്യങ്ങൾ എളുപ്പമാക്കി മാറ്റി. ഇനി കേരളത്തിൽ ഭരണം പിടിക്കുക എന്നത് തന്നെയാണ് ബി ജെ പിയുടെ പ്രഥമ ലക്‌ഷ്യം. ഏതുവിധേനയും അവർ അത് സാധിച്ചെടുക്കും. ഒരു ബുൾഡോസർ പോലെയാണ് ബി ജെ പി. ഇറങ്ങിയാൽ ഏതു നിലക്കും തകർത്ത് തരിപ്പണമാക്കും. ബംഗാളിൽ ഇത്തവണ കണ്ടത് അതാണ്. അതുകൊണ്ട് കേരള സർക്കാരിന്റെ ആയുസ്സിനെ കുറിച്ചുള്ള ആശങ്കകൾ ശക്തമാകുന്നുണ്ട്.