ഹരിയാനയിലെ ക്വാറിയില്‍ മണ്ണിടിച്ചില്‍; നിരവധി പേര്‍ മണ്ണിനടിയില്‍ പെട്ടതായി റിപ്പോര്‍ട്ട്

ഹരിയാനയിലെ ഭവാനി ജില്ലയിലെ ക്വാറിയില്‍ ഉണ്ടായ മണ്ണിടിച്ചില്‍ നിരവധി പേരെ കാണാതായി. ശനിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ഹരിയാനയിലെ തോഷാം ബ്ലോക്കിലെ ഡാംഡം ഖനനപ്രദേശത്തെ മണല്‍ എടുക്കുന്ന ക്വാറിയിലാണ് മണ്ണിടിച്ചില്‍ സംഭവിച്ചത്.

ക്വാറിയുടെ പരിസരത്ത് ഉണ്ടായിരുന്ന 15 മുതല്‍ 20 വരെ ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജില്ല ഭരണകൂടം രക്ഷപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രക്ഷപ്രവര്‍ത്തനത്തെ സംബന്ധിച്ച് പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ഖട്ടാര്‍ ട്വീറ്റ് ചെയ്തു.

കുറച്ച ആളുകള്‍ മരിച്ചു എന്നും മരണസംഖ്യയോ, പരിക്കേറ്റവരുടെ എണ്ണമോ കൃത്യമായി ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും ഹരിയാന കൃഷിമന്ത്രി ജെ.പി ദലാല്‍ അറിയിച്ചു. പരമാവധി ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. രക്ഷപ്പെടുത്തിയവരെ അടുത്തുള്ള ആളുപത്രികളില്‍ പ്രവേശിപ്പിച്ചു എന്നും മന്ത്രി പറഞ്ഞു.

ഒരു ജോലി സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പോകുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് ദേശീയ ഏജന്‍സി നല്‍കുന്ന സൂചന. മലിനീകരണത്തെ തുടര്‍ന്ന് രണ്ട് മാസത്തോളം ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ പ്രദേശത്ത് ഖനനം നിരോധിച്ചിരുന്നു. വ്യാഴാഴ്ചയാണ് ഈ നിരോധനം നിന്‍വലിച്ചത്. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച ഖനന പ്വര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചു.