കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള സമരത്തില്‍ കേരളത്തിനൊപ്പം നില്‍ക്കണം; ഡല്‍ഹിയിലെ ജനകീയ പ്രതിരോധത്തില്‍ എം. കെ. സ്റ്റാലിനെ ക്ഷണിച്ച് മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിമാരും ജനപ്രതിനിധികളും ഡല്‍ഹിയില്‍ ഫെബ്രുവരി എട്ടിന് നടത്തുന്ന ജനകീയ പ്രതിരോധത്തിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഔദ്യോഗികമായി ക്ഷണിച്ച് കേരളം. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണപ്പത്രം വ്യവസായ മന്ത്രി പി. രാജീവ് ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കൈമാറി.

ധനപരമായി സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തെ യോജിച്ച് എതിര്‍ക്കേണ്ടതാണെന്ന് കൂടിക്കാഴ്ചക്കിടെ സ്റ്റാലിന്‍ പറഞ്ഞു. കേരളം ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ വിശദാംശങ്ങള്‍ സ്റ്റാലിനെ മന്ത്രി പി.രാജീവ് ധരിപ്പിച്ചു.

കൂടിക്കാഴ്ചയില്‍ തമിഴ്‌നാട് ധനമന്ത്രി തങ്കം തെന്നരസ്, തമിഴ്‌നാട് ചീഫ് സെക്രട്ടറി ശിവ്ദാസ് മീണ എന്നിവരും പങ്കെടുത്തു. ഡല്‍ഹിയിലെ കേരള ഹൗസില്‍ നിന്ന് ഫെബ്രുവരി 8ന് രാവിലെ 11 മണിക്ക് പ്രതിഷേധ ജാഥ ആയിട്ടാണ് ജനപ്രതിനിധികള്‍ ജന്തര്‍മന്ദിറിലേക്ക് തിരിക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും എം പിമാരും എം എല്‍ എമാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.