കരൂർ ദുരന്തം; വിജയ്‌ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

41 പേരുടെ മരണത്തിന് ഇടയായ കരൂർ ദുരന്തത്തിൽ ടിവികെ നേതാവും നടനുമായ വിജയ്‌ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. അതേസമയം വിജയ്‌ക്കെതിരെ കേസെടുക്കേണ്ടെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വിജയ്‌ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്‌വഴക്കമാകുമെന്നും രാഷ്ട്രീയ യോഗങ്ങളിലെ അപകടത്തില്‍ പാര്‍ട്ടികളുടെ ഉന്നത നേതാക്കളെ പ്രതിയാക്കുന്നത് ശരിയല്ലെന്നുമുള്ള നിലപാടിലാണ് സ്റ്റാലിന്‍.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പ്രേരിതമായ നടപടി എന്ന ആരോപണത്തിന് പഴുത് നല്‍കരുതെന്നും സര്‍ക്കാര്‍ തീരുമാനമുണ്ട്. വിജയ്‌യുടെ ഗൂഢാലോചനാ വാദം അവഗണിച്ച് മുന്നോട്ട് പോകാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. ശനിയാഴ്ച വൈകിട്ടായിരുന്നു 41 പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു.

വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികള്‍, പതിനാറ് സ്ത്രീകള്‍, പന്ത്രണ്ട് പുരുഷന്മാര്‍ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിക്കുകയായിരുന്നു.

Read more