കരൂര്‍ ദുരന്തം: ഇരകളെ നേരില്‍ കണ്ട് വിജയ്, സാമ്പത്തിക സഹായവും വിദ്യാഭ്യാസ സഹായവും ഉറപ്പ്

കരൂര്‍ ദുരന്തത്തിന് ഇരകളായവരുടെ കുടുംബങ്ങളെ നേരില്‍ കണ്ട് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. 37 കുടുംബങ്ങളാണ് മഹാബലിപുരത്ത് എത്തിയത്. ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് ദുരിതബാധിതരുടെ കുടുംബങ്ങളെ നേരില്‍ കാണുന്നത്.

എല്ലാ കുടുംബങ്ങള്‍ക്കും തമിഴക വെട്രി കഴകം സാമ്പത്തിക സഹായവും കുട്ടികളുടെ വിദ്യാഭ്യാസ സഹായവും ഉറപ്പുനല്‍കിയിട്ടുണ്ട്. ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് നേരിട്ട് അനുശോചനം അറിയിക്കുന്നതിനും പിന്തുണ വാഗ്ദാനം ചെയ്യുന്നതിനുമായാണ് വിജയ് കൂടിക്കാഴ്ച സംഘടിപ്പിച്ചത്.

സെപ്തംബര്‍ 27നാണ് ടിവികെയുടെ പരിപാടിയില്‍ തിക്കുംതിരക്കിലും പെട്ട് 41 പേര്‍ മരിച്ചത്. സംഭവം നടന്ന വേളയില്‍ 39 പേരും പരിക്കേറ്റ രണ്ടുപേര്‍ പിന്നീടുമാണ് മരിച്ചത്. ഇതില്‍ 37 പേരുടെ കുടുംബങ്ങള്‍ വിജയ്‌യുടെ ക്ഷണം സ്വീകരിച്ച് മഹാബലിപുരത്തെ റിസോര്‍ട്ടിലെത്തി.

Read more

കുടുംബത്തിന് തങ്ങാന്‍ റിസോര്‍ട്ടിലെ 50 മുറികള്‍ സജ്ജമാക്കി. ഇന്ന് രാവിലെയാണ് വിജയ് കുടുംബങ്ങളെ കാണാനെത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കോ ടിവികെയുടെ പ്രവര്‍ത്തകര്‍ക്കോ റിസോര്‍ട്ടിന് അകത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല.