കര്‍ണാടക കാവേരി ജലം തമിഴ്‌നാട്ടിലേക്ക് ഒഴുക്കി; നിരത്തിലിറങ്ങി കന്നഡിക കര്‍ഷകര്‍; 'ഇന്ത്യ' സഖ്യത്തിന്റെ പേരില്‍ വെള്ളം കലക്കി ബിജെപി; സൗത്ത് ഇന്ത്യയില്‍ നദീജലപോര്

കാവേരി നദീജലം തമിഴ്നാടിന് നല്‍കരുതെന്നാവശ്യപ്പെട്ട് തെരുവില്‍ ഇറങ്ങി കര്‍ണാടകയിലെ കര്‍ഷകര്‍. സംസ്ഥാന സര്‍ക്കാരിനെതിരേയാണ് മാണ്ഡ്യയില്‍ കര്‍ഷകര്‍ രംഗത്തിറങ്ങിയത്. മാണ്ഡ്യ കെആര്‍എസ് അണക്കെട്ടിന് സമീപത്താണ് കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മേലുകോട്ടെ എംഎല്‍എ ദര്‍ശന്‍ പുട്ടണ്ണയ്യയും പ്രതിഷേധത്തില്‍ പങ്കെടുത്തു.

സംസ്ഥാനം കനത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കുന്നത് സംസ്ഥാനത്തെ കര്‍ഷകരോട് ചെയ്യുന്ന അനീതിയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു. ബുധനാഴ്ച ബെംഗളൂരു- മൈസൂരു അതിവേഗ പാതയിലും കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ സമരങ്ങളുമായി രംഗത്തിറങ്ങുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. 10 ടിഎംസി അടി ജലം തമിഴ്നാടിന് ഉടന്‍ വിട്ടുകൊടുക്കുമെന്ന് കഴിഞ്ഞദിവസം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ബെംഗളൂരുവില്‍ പ്രഖ്യാപിച്ചതാണ് കര്‍ഷകരെ വീണ്ടും പ്രതിഷേധത്തിലേക്ക് തള്ളിവിട്ടത്

എന്നാല്‍, കാവേരി നദീജലം വിട്ടുകൊടുക്കുന്നതില്‍ ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരിനെതിരേ രംഗത്തെത്തി. ‘ഇന്ത്യ’ സഖ്യത്തിന്റെ കെട്ടുറപ്പിന് വേണ്ടിയാണ് സംസ്ഥാനത്തിന്റെ താത്പര്യം ബലികഴിച്ച് ജലം വിട്ടുകൊടുക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ തമിഴ്നാടിന് ജലം വിട്ടുകൊടുക്കാനുള്ള തീരുമാനം തികച്ചും അനുചിതമാണെന്ന് ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയും ആരോപിച്ചു. കാവേരി വിഷയം കൈകാര്യം ചെയ്യുന്നതില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, കാവേരി ട്രിബ്യൂണലിന്റെ തീരുമാനമനുസരിച്ച് വെള്ളം വിട്ടുതരണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി എത്രയും വേഗം പരിഗണനയ്‌ക്കെടുക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ജൂണ്‍, ജൂലായ് മാസങ്ങളില്‍ 29 ടി.എം.സി.യും ഓഗസ്റ്റില്‍ 45 ടി.എം.സി.വെള്ളവും കര്‍ണാടക തമിഴ്നാടിന് വിട്ടുതരണം. നെല്‍കൃഷി ചെയ്യുന്ന കാവേരി നദിത്തീര ജില്ലകളിലേക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.