ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബിന് വിലക്ക്, ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍

കര്‍ണാടക ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് വകുപ്പ് സെക്രട്ടറി മേജര്‍ പി. മണിവണ്ണനാണ് വ്യാഴാഴ്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.

സംസ്ഥാനത്തെ മൗലാന ആസാദ് മോഡല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ഉള്‍പ്പെടെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഹിജാബും, കാവി ഷാളും ഉള്‍പ്പടെയുള്ള മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഹിജാബ് വിഷയം ഹൈക്കോടതിയുടെ പരിഗണനിലാണ്.  ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നത് വരെ മതപരമായ വസ്ത്രങ്ങള്‍ക്ക് നിരോധനം നിലനില്‍ക്കും.

ഫെബ്രുവരി 10നായിരുന്നു ഹിജാബ്, കാവി ഷാളുകള്‍ എന്നിങ്ങനെയുള്ള മതപരമായ വസ്ത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടത്. ഹിജാബ് വിവാദത്തെ തുടര്‍ന്ന് അടച്ചിട്ട കോളജുകള്‍ ഒരു ഇടവേളയ്ക്ക് ശേഷം തുറന്നപ്പോള്‍ പല ഡിഗ്രി കോളജുകളും വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിച്ച് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല.

അതേസമയം ഹൈക്കോടതി ഉത്തരവ് എല്ലാ കോളജുകള്‍ക്കും ബാധകമല്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയിട്ടുള്ള കോളജുകളില്‍ മാത്രമാണ് നിരോധനം ബാധകമാകൂ എന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

വസ്ത്രധാരണത്തിന്റെ ഭാഗമായി ശിരോവസ്ത്രം അനുവദിക്കാത്ത കോളജുകളില്‍ മാത്രം ഹിജാബുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും, കര്‍ണാടകയിലെ പല ജില്ലകളിലും ഇത് പൊതു നിരോധനമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

അതേസമയം കര്‍ണാടക ഹൈക്കോടതിയില്‍ വിഷയത്തില്‍ വാദം കേള്‍ക്കല്‍ നാളെയും തുടരും.