കമല്‍നാഥും ചാടാന്‍ ഒരുങ്ങുന്നോ?; ഡല്‍ഹിയിലെത്തിയ കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രി ബിജെപി നേതാക്കളെ കാണുമെന്ന് അഭ്യൂഹം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥ് ഡല്‍ഹിയിലെത്തിയത് ബിജെപിയിലേക്ക് ചേക്കേറാനാണെന്ന് അഭ്യൂഹങ്ങള്‍ ഉയരുകയാണ്. ഇന്ന് ഡല്‍ഹിയിലെത്തിയ കമല്‍നാഥ് ഭരണകക്ഷിയിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന ഉണ്ടായതോടെയാണ് കമല്‍നാഥ് ബിജെപിയിലേക്കാണോ എന്ന ചോദ്യം ഉയര്‍ന്നത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയായ കമല്‍നാഥ് തലസ്ഥാനത്ത് എത്തി ബിജെപി നേതാക്കളെ കാണുന്നതിന് പിന്നില്‍ തിരഞ്ഞെടുപ്പിന് മുമ്പുള്ള പാര്‍ട്ടി മാറ്റ സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കമല്‍നാഥ് ഒറ്റയ്ക്കല്ല മകനും എംപിയുമായ നകുല്‍നാഥും തലസ്ഥാനത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപിയില്‍ അംഗത്വമെടുക്കുമെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നിരുന്നു. പിന്നാലെയാണ് കമല്‍നാഥും പാര്‍ട്ടി വിടുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.

മധ്യപ്രദേശില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് എംപിയാണ് കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥ്. സോഷ്യല്‍ മീഡിയയിലെ തന്റെ ബയോയില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേര് നകുല്‍ നാഥ് ഒഴിവാക്കുകയും കമല്‍ നാഥ് ഡല്‍ഹിയില്‍ എത്തുകയും ചെയ്തതോടെ കമല്‍നാഥിന്റേയും മകന്റേയും ബിജെപി പ്രവേശനം ചര്‍ച്ചയായി.

നകുല്‍ നാഥ് ഈ മാസാദ്യം 2019 ല്‍ താന്‍ വിജയിച്ച ചിന്ദ്വാര ലോക്സഭാ സീറ്റില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി സ്വയം പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നതിന് മുമ്പായിരുന്നു ഈ പ്രഖ്യാപനം.

ഇത്തവണയും ഞാന്‍ നിങ്ങളുടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരിക്കും. കമല്‍നാഥോ നകുല്‍നാഥോ മത്സരിക്കുമോ എന്ന തരത്തില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്, കമല്‍നാഥ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ ഞാന്‍ മല്‍സരിക്കും.

തന്റെ മണ്ഡലമായ ചിന്ദ്വാരയില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് കോണ്‍ഗ്രസ് എംപി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ ചിന്ദ്വാരയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായാണോ കമല്‍നാഥിന്റെ മകന്‍ നകുല്‍ മല്‍സരിക്കുക എന്ന ചോദ്യമാണ് ഉയരുന്നത്.

കമല്‍നാഥ് ബിജെപിയില്‍ ചേരുകയോ അല്ലെങ്കില്‍ കോണ്‍ഗ്രസ് വിടാതിരിക്കുകയോ ചെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും മകന്‍ നകുല്‍ നാഥ് ബിജെപിയിലേക്കെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.. നകുല്‍ നാഥിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഛിന്ദ്വാരയില്‍ നിന്ന് മത്സരിക്കാന്‍ ബിജെപി ടിക്കറ്റ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ബിജെപി വൃത്തങ്ങള്‍ പറയുന്നു. ബിജെപിയ്ക്ക് ഒപ്പം ചേരുന്നതിനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നുവെന്നും വാര്‍ത്ത പുറത്തുവരുന്നുണ്ട്. ഡല്‍ഹിയിലെത്തിയ കമല്‍നാഥിനോട് മാധ്യമ പ്രവര്‍ത്തകര്‍ ബിജെപി പ്രവേശനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഒന്നും വിട്ടുപറയാതെയാണ് നേതാവിന്റെ മറുപടി.

ഇത് നിഷേധിക്കാന്‍ വേണ്ടി മാത്രമല്ല, നിങ്ങള്‍ ഇത് പറയുന്നു, നിങ്ങള്‍ ആവേശഭരിതരാകുന്നു, എനിക്ക് ഈ വശത്താണെങ്കിലും ആ വശത്താണെങ്കിലും ആവേശം വരുന്നില്ല. പക്ഷേ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍, ഞാന്‍ ആദ്യം നിങ്ങളെ അറിയിക്കും.

കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സമ്പൂര്‍ണ തോല്‍വിക്ക് ശേഷം കമല്‍നാഥിനെ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി പകരം സ്ഥാനമേറ്റ ജിതു പട്വാരി എന്നാല്‍ കമല്‍നാഥിന്റെ ബിജെപി പ്രവേശന അഭ്യൂഹങ്ങള്‍ തള്ളിക്കളയുകയാണ് ചെയ്തത്. പട്വാരിയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

ഇന്ദിരാഗാന്ധിയുടെ ‘മൂന്നാം മകന്‍’ കോണ്‍ഗ്രസ് വിടുമെന്ന് നിങ്ങള്‍ക്ക് സ്വപ്നത്തില്‍ എങ്കിലും ചിന്തിക്കാനാകുന്നത് എങ്ങനെയാണ്? തന്റെ നേതൃത്വത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ അക്ഷീണം പ്രയത്‌നിക്കുകയും ചെയ്ത പ്രവര്‍ത്തകരെ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ചിന്തിക്കാനാകുമോ?..