"ബി.ജെ.പി ജനങ്ങളുടെ ജീവൻ വെച്ച് കളിക്കുന്നു": സൗജന്യ വാക്സിൻ വാഗ്ദാനത്തിൽ കമൽഹാസൻ

അടുത്തയാഴ്ച നടക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി കൊണ്ട് ബി.ജെ.പി ഇന്നലെ നൽകിയ “സൗജന്യ വാക്സിൻ” വാഗ്ദാനത്തിന്റെ പേരിൽ ഭരണകക്ഷിയായ ബി.ജെ.പിയെയും അതിന്റെ തമിഴ്‌നാട് സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയെയും വിമർശിച്ച് നടനും രാഷ്ട്രീയക്കാരനുമായ കമൽഹാസൻ. തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ സമാനമായ വാഗ്ദാനം നൽകിയതിന് തൊട്ടുപിന്നാലെയാണ് വിമർശനം.

നിലവിലില്ലാത്ത വാക്‌സിന്റെ പേരിൽ നടത്തുന്ന ദുഷിച്ച വാഗ്ദാനമാണിതെന്നും വാക്സിൻ എന്നത് ജീവൻ രക്ഷിക്കുന്ന മരുന്നാണ്, തളിക്കുന്ന വാഗ്ദാനമല്ല എന്നും കമൽഹാസൻ പറഞ്ഞു.

“ജനങ്ങളുടെ ദാരിദ്ര്യത്തെ വെച്ച് കളിക്കാൻ നിങ്ങൾ ശീലിച്ചിരിക്കുന്നു. അവരുടെ ജീവിതം വെച്ച് കളിക്കാൻ നിങ്ങൾ തുനിഞ്ഞാൽ, നിങ്ങളുടെ രാഷ്ട്രീയജീവിതം ജനങ്ങൾ തീരുമാനിക്കും,” എം‌എൻ‌എം (മക്കൾനീതി മയ്യം) മേധാവി കമൽഹാസൻ വെള്ളിയാഴ്ച വൈകുന്നേരം പറഞ്ഞു.

“കോവിഡ് -19 വാക്സിൻ തയ്യാറായാൽ അത് സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും സൗജന്യമായി നൽകും,” എന്ന് അടുത്ത വർഷം തിരഞ്ഞെടുപ്പ് നേരിടാനിരിക്കുന്ന മുഖ്യമന്ത്രി ഇ പളനിസ്വാമി പറഞ്ഞിരുന്നു.

ബിഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ കൊറോണ വൈറസ് വാക്സിനുകൾ നൽകുമെന്നാണ് ബി.ജെ.പിയുടെ വോട്ടെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ ആദ്യത്തെ വാഗ്ദാനം എന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.