കേരളത്തിലെ ആറ് ലോക്‌സഭാ മണ്ഡലങ്ങള്‍ പിടിക്കാന്‍ ബി.ജെ.പി, പുതിയ കര്‍മ്മപദ്ധതിയുമായി ജെ.പി നദ്ദ

കേരളത്തില്‍ വിജയസാദ്ധ്യതയുള്ള ആറ് ലോക്‌സഭ മണ്ഡലങ്ങളില്‍ ഉടന്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ. ബൂത്ത് ഇന്‍ ചാര്‍ജുമാര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ സജീവമായി വീട് കയറല്‍ അടക്കം നടത്തണമെന്നാണ് നിര്‍ദേശം.

തിരുവനന്തപുരത്തെ കോര്‍ കമ്മിറ്റി യോഗത്തിലാണ് നിര്‍ദേശം. മത സാമുദായിക സംഘടനകകളുടെയും റെസിഡന്‍സ് അസോസിയേഷനുകളുടെയും പരിപാടികളില്‍ പങ്കെടുക്കണം എന്നും ദേശീയ അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

ഇന്ന് മുതല്‍ ആറ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം തുടങ്ങണമെന്നാണ് ജെപി നദ്ദയുടെ നിര്‍ദേശം. ദേശീയ തലത്തില്‍ തയാറാക്കിയ പട്ടികയില്‍ ബിജെപിക്ക് ജയസാധ്യതയുണ്ടെന്ന് പാര്‍ട്ടി വിലയിരുത്തിയ ആറ് മണ്ഡലങ്ങളിലാണ് കര്‍മ്മ പദ്ധതി നടപ്പാക്കുന്നത്. അതേസമയം, കേരള സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ജെ പി നദ്ദ ഇന്നലെ ഉയര്‍ത്തിയത്.

Read more

ഇടത് സര്‍ക്കാര്‍ കേരളത്തിന് ഭീഷണിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ തുറന്നടിച്ചു. കേരളത്തിലെ സര്‍ക്കാര്‍ പോകുന്നത് അഴിമതിയില്‍ നിന്ന് അഴിമതിയിലേക്കാണ്. കൊവിഡ് കാല പര്‍ച്ചേഴ്‌സിലടക്കം നടന്നത് അഴിമതിയാണെന്നാണ് വിമര്‍ശനം. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ പരാമര്‍ശിച്ച നദ്ദ, സര്‍വ്വകലാശാലകളില്‍ ബന്ധു നിയമനം നടക്കുന്നുവെന്നും ലോകായുക്തയെ ഇല്ലാതാക്കുന്നുവെന്നും വിമര്‍ശിച്ചു.