ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പത്രപ്രവര്‍ത്തകനും അമ്മയും ഭാര്യയും മരിച്ചു

വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. തമിഴ്‌നാട്ടിലാണ്, വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് വീട്ടിലെ ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചത്. സ്വകാര്യ വാര്‍ത്താചാനലിന്റെ റിപ്പോര്‍ട്ടറും ഭാര്യയും അമ്മയുമാണ് മരിച്ചത്. ജെ. ന്യൂസ് റിപ്പോര്‍ട്ടര്‍ പ്രസന്ന(32), ഭാര്യ അര്‍ച്ചന(30), അമ്മ രേവതി(59) എന്നിവരാണു മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ചെന്നൈ താംബരം സേലയ്യൂരിലെ ഫ്ളാറ്റില്‍ ഉറക്കത്തിലായിരിക്കെ ബുധനാഴ്ച അര്‍ദ്ധരാത്രിയാണ് അപകടമുണ്ടായത്.

കംപ്രസര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന പ്ലാസ്റ്റിക്ക് വസ്തുക്കള്‍ക്ക് തീ പിടിക്കുകയായിരുന്നു. പ്ലാസ്റ്റിക് കത്തിയപ്പോള്‍ പുറത്തു വന്ന കടുത്ത പുകയില്‍ ശ്വാസംമുട്ടിയാണു മരണമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. സമീപത്തെ ഫ്‌ളാറ്റുകളിലുണ്ടായിരുന്നവര്‍ സംഭവമറിഞ്ഞിരുന്നില്ല.

രാവിലെ വീട്ടുജോലിക്കാരിയെത്തി കോളിംഗ് ബെല്‍ അടിച്ചിട്ടും വാതില്‍ തുറക്കാഞ്ഞതിനാല്‍ ജനറല്‍ തുറന്നു നോക്കിയപ്പോഴാണ് വീട്ടിലെ സാധനങ്ങള്‍ കത്തിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സമീപവാസികള്‍ വാതില്‍ പൊളിച്ച് അകത്തു കടക്കുകയായിരുന്നു. പ്രസന്ന, രേവതി എന്നിവരുടെ മൃതദേഹങ്ങള്‍ സ്വീകരണമുറിയിലും അര്‍ച്ചനയുടേത് കിടപ്പുമുറിയിലുമാണു കണ്ടെത്തിയത്.