രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ്; ലോകസഭയില്‍ ശശി തരൂര്‍; മികച്ച പ്രകടനങ്ങള്‍ നടത്തിയ എംപിമാര്‍ക്ക് പുരസ്‌കാരങ്ങള്‍ കൈമാറി; കേരളത്തിന് അഭിമാനം

പാര്‍ലമെന്റിന്റെ ഇരു സഭകളിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച്ച വെച്ച എംപിമാര്‍ക്ക് പുരസ്‌കാരങ്ങള്‍ കൈമാറി. മികച്ച നവാഗത പാര്‍ലമെന്റേറിയനുള്ള 2023ലെ ലോക്മത് പുരസ്‌കാരം ജോണ്‍ ബ്രിട്ടാസും ലോക്സഭയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള ലോക്മത് പുരസ്‌കാരം ശശി തരൂരും ഏറ്റുവാങ്ങി.

അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇരുവര്‍ക്കും പുരസ്‌കാരം സമ്മാനിച്ചു. രാജ്യസഭയിലെയും ലോകസഭയിലെയും ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ചര്‍ച്ചകളിലെ പങ്കാളിത്തം, ഇടപെടല്‍ തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് ബ്രിട്ടാസിനെയും ശശി തരൂരിനെയും പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

ഇവര്‍ക്ക് പുറമെ എംപിമാരായ ഡാനിഷ് അലി, മേനക ഗാന്ധി, ഹര്‍സിമ്രത്കൗര്‍, രാം ഗോപാല്‍ യാദവ്, സസ്മിത് പാത്ര, സരോജ് പാണ്ഡെ എന്നിവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി രാംദാസ് അത്താവാലേ, ജൂറി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍, ലോക്മത് മീഡിയ ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് ദര്‍ദ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, ലാല്‍ കൃഷ്ണ അദ്വാനി, മുരളി മനോഹര്‍ ജോഷി, ശരദ് പവാര്‍, മുലായം സിംഗ് യാദവ്, ശരദ് യാദവ്, സീതാറാം യെച്ചൂരി, ജയ ബച്ചന്‍, സുപ്രിയ സുലെ, എന്‍ഷികാന്ത് ദുബെ, ഹേമ മാലിനി, ഭാരതി പവാര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളാണ് മുന്‍ വര്‍ഷങ്ങളിലെ ലോക്മത് പുരസ്‌കാരത്തിന് അര്‍ഹരായിട്ടുള്ളത്. ഹൈദരാബാദ് നിന്നുള്ള അസദുദ്ദീന്‍ ഒവൈസിക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം.