മോദി കാലഘട്ടത്തില്‍ സാമ്പത്തിക വളര്‍ച്ചയും തൊഴിലും അപ്രത്യക്ഷമായി, ഇപ്പോള്‍ റഫാല്‍ രേഖകളും; മാധ്യമങ്ങള്‍ക്ക് എതിരെ ഔദ്യോഗിക രഹസ്യനിയമം ചുമത്തിയാല്‍ മോദിയും കുടുങ്ങുമെന്ന് രാഹുല്‍ ഗാന്ധി

മോദിയുടെ കാലഘട്ടത്തില്‍ സാമ്പത്തിക വളര്‍ച്ചയും തൊഴിലും ഇപ്പോള്‍ റഫാല്‍ രേഖകളും അപ്രത്യക്ഷമായിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ സര്‍ക്കാരിന്റെ ഉദ്ദേശ്യം തന്നെ എല്ലാം അപ്രത്യക്ഷമാക്കുക എന്നതാണ്. എന്നാല്‍ മാത്രമേ കാവല്‍ക്കാരന്‍ സുരക്ഷിതനായിരിക്കൂ.

പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് അവസാനവട്ട വിലപേശല്‍ നടത്തുന്ന കാര്യം റഫാലിന്റെ ഔദ്യോഗിക രേഖകളില്‍ തന്നെ പരാമര്‍ശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത് രേഖകള്‍ മോഷ്ടിക്കപ്പെട്ടതായിട്ടാണ്. അതായത് ഈ രേഖകള്‍ യഥാര്‍ത്ഥണെന്ന് ചുരുക്കം. രേഖകള്‍ മോഷ്ടിച്ചത് വേറെ വിഷയമാണ്. പക്ഷേ ഈ രേഖകളുടെ അടിസ്ഥാനത്തില്‍ നീതി നടപ്പാക്കണം.

സര്‍ക്കാരിന്റെയും കോടതിയുടെയും ജോലിയാണ് നീതി നടപ്പാക്കുകയെന്നത്. സര്‍ക്കാര്‍ രേഖകളില്‍ നിന്നു തന്നെ വ്യക്തമാണ് മോദി നേരിട്ട് ഈ കരാറില്‍ ഇടപെട്ട കാര്യം.

രാജ്യത്തിന്റെ പണം എവിടെ പോയി എന്ന് ക്രമേണ വെളിപ്പെടും. മാധ്യമങ്ങള്‍ക്കെതിരെ ഔദ്യോഗിക രഹസ്യനിയമം ചുമത്താനാണ് സര്‍ക്കാര്‍ നീക്കം. അങ്ങിനെയെങ്കില്‍ അത് ചെയ്യൂ. അപ്പോള്‍ ഈ രേഖ യഥാര്‍ത്ഥമാണെന്ന് സര്‍ക്കാര്‍ സമ്മതിച്ചതായി വരും. അതോടെ പ്രധാനമന്ത്രിക്കെതിരെയും കുറ്റം ചുമത്തണം.

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി ബൈപാസ് ശസ്ത്രക്രിയ നടത്തി. ഇടപാട് അനില്‍ അംബാനിയുടെ നേട്ടത്തിന് വേണ്ടി വൈകിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇപ്പോള്‍ മോദിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഔദ്യോഗിക സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്.

കുറ്റം ചെയ്തില്ലെങ്കില്‍ എന്തിന് അന്വേഷണത്തെ ഭയക്കണം. പ്രധാനമന്ത്രിക്ക് അന്വേഷണം നടത്താന്‍ ധൈര്യമുണ്ടോയെന്നും രാഹുല്‍ വെല്ലുവിളിച്ചു.