ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധന: ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍

ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ദില്ലി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. വിവിധ വകുപ്പുകളുടെയും സെന്ററുകളുടെയും ജനറല്‍ ബോഡി മീറ്റിംഗില്‍ ഫീസ് കൂട്ടിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഫീസ് വര്‍ദ്ധന നിയമപരമായി നേരിടാന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേരത്തെ തന്നെ ആലോചിച്ചിരുന്നു.ഇതിനോടനുബന്ധിച്ച് യൂണിയന്‍ ഭാരവാഹികള്‍ യൂണിയന്റെ തന്നെ നിയമ സംഘവുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടായിപരുന്നു. തുടര്‍ന്ന് ശീതകാല സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായി ബഹിഷ്‌ക്കരിക്കാന്‍ യൂണിയന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്ന് മാസമായി ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ജെ.എന്‍.യു കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ സമരത്തിനാണ് ക്യാമ്പസ് സാക്ഷിയാകുന്നത്. ഒക്ടോബര്‍ മൂന്നിന് പുതിയ ഐഎച്ച്എ മാനുവല്‍ ഡ്രാഫ്റ്റ് സര്‍വകലാശാല പുറത്തുവിട്ടത് മുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലാണ്. ചര്‍ച്ച കൂടാതെ മാനുവല്‍ നടപ്പാക്കിയതോടെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങുകയായിരുന്നു.