ജാർഖണ്ഡിന്റെ പതിനൊന്നാം മുഖ്യമന്ത്രിയായി ഹേമന്ദ് സോറൻ സത്യപ്രതിജ്ഞ ചെയ്തു; പ്രതിപക്ഷ ഐക്യത്തിന്റെ പ്രകടനമായി ചടങ്ങ്

ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) നേതാവ് ഹേമന്ദ് സോറൻ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ജാർഖണ്ഡിന്റെ പതിനൊന്നാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഹേമന്ദ് സോറനൊപ്പം ജെ.എം.എമ്മിൽ നിന്ന് ഒരു എം.എൽ.എയും കോൺഗ്രസിൽ നിന്നും മറ്റ് രണ്ട് എം.എൽ.എമാരും സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങ് റാഞ്ചിയിലെ മൊറാബാദി മൈതാനത്ത് വച്ചാണ് നടന്നത്. കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ (ആർ‌.ജെ.ഡി) എന്നീ സഖ്യ കക്ഷികളിലെ നേതാക്കളുമൊത്ത് ഡിസംബർ 24 ന് ജാർഖണ്ഡിൽ സർക്കാർ രൂപീകരിക്കാൻ ഹേമന്ദ് സോറൻ അവകാശവാദമുന്നയിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഹേമന്ദ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ പങ്കെടുത്ത ചടങ്ങ് പ്രതിപക്ഷ ഐക്യത്തിന്റെ പ്രകടനമായിട്ടാണ് വിലയിരുത്തപ്പെട്ടത്. സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സിപിഎമ്മിന്റെ സീതാറാം യെച്ചൂരി, ആർജെഡി നേതാവ് തേജശ്വി യാദവ്, ഡിഎംകെയുടെ എം കെ സ്റ്റാലിൻ എന്നിവർ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, മുഖ്യമന്ത്രിമാരായ ഉദ്ധവ് താക്കറെ, അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, കമൽനാഥ്, അരവിന്ദ് കെജ്‌രിവാൾ, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, പി ചിദംബരം എന്നിവർക്ക് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു.