ജമ്മു കശ്മീരിൽ ഭീകരർക്കായി സംയുക്ത സുരക്ഷാസേനയുടെ തിരച്ചില്‍; സൈനിക നടപടി ആറാം ദിവസത്തിലേക്ക്

ജമ്മുകശ്മീരിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിനെതുടർന്നുള്ള സൈനിക നടപടികൾ തുടരുകയാണ്. അനന്ത്നാഗ് ജില്ലയിൽ സൈനിക ദൗത്യം ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. ഗരോള്‍ വനമേഖലയിലെ ഒളിത്താവളങ്ങളില്‍ കഴിയുന്ന ഭീകരരെ പിടികൂടുവാനാണ് സൈന്യം ശ്രമിക്കുന്നത്.

വനമേഖല കേന്ദ്രീകരിച്ചാണ് സംയുക്ത സുരക്ഷാ സേനയുടെ തിരച്ചിൽ നടക്കുന്നത്. കൊടുംകാട്ടില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ പാര കമാന്റോകള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ ട്രൂപ്പുകള്‍ ഏറ്റുമുട്ടുന്നുണ്ട്.

ഏറ്റുമുട്ടലില്‍ ഇതിനോടകം രണ്ട് സൈനികരും ഒരു പൊലീസ് ഓഫീസറും വീരമൃത്യു വരിച്ചു. ഒരു സൈനികനെ കാണാതാവുകയും ചെയ്തു. ആയുധധാരികളായ രണ്ടോ മൂന്നോ ഭീകരരാണ് സൈന്യവുമായി ഏറ്റുമുട്ടുന്നതെന്നാണ് സൈന്യത്തിന്റെ നിഗമനം. പ്രത്യാക്രമണത്തില്‍ സൈന്യം ഇതുവരെ നൂറുകണക്കിന് മോട്ടോര്‍ ഷെല്ലുകളും റോക്കറ്റുകളും ഭീകരര്‍ക്ക് നേരെ വിന്യസിച്ചെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ബുധനാഴ്ച ആണ് ഭീകരര്‍ ആക്രമണം തുടങ്ങിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും പൊലീസും സംയുക്തമായി നടത്തുന്ന ഓപ്പറേഷന്‍ ചൊവ്വാഴ്ചയാണ് ആരംഭിച്ചത്. കൊടും കാടുകളിലും യുദ്ധാന്തരീക്ഷത്തിലും പോരാടന്‍ പരിശീലനം ലഭിച്ചവരാണ് ആക്രമണത്തിന് പിന്നിലെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഭീകരരുടെ ശക്തമായ വെടിവയ്പ്പിനെ തുടര്‍ന്ന് മുറിവേറ്റവരെയും കൊല്ലപ്പെട്ട സൈനികരെയും പുറത്തെത്തിക്കാന്‍ കനത്ത വെല്ലുവിളിയാണ് സേന നേരിടുന്നത്.