‘ജയ് ശ്രീ റാം’ വിളി അക്രമങ്ങൾക്കുള്ള ഒഴികഴിവ്, ബംഗാളി സംസ്കാരവുമായി ബന്ധമില്ല: അമർത്യ സെൻ

‘മാ ദുർഗ’ വിളി പോലെ‘ ജയ് ശ്രീ റാം’ വിളിക്ക് ബംഗാളി സംസ്കാരവുമായി ബന്ധമില്ലെന്നും ആളുകളെ തല്ലുന്നതിനുള്ള ഒഴികഴിവാണ് ‘ജയ് ശ്രീ റാം’ വിളിയെന്നും നൊബേൽ സമ്മാന ജേതാവ് അമർത്യ സെൻ വെള്ളിയാഴ്ച പറഞ്ഞു.

ബംഗാളികളുടെ ജീവിതത്തിൽ സർവ്വവ്യാപിയായിട്ടുള്ളത് ‘മാ ദുർഗ’ ആണെന്ന് ജാദവ്പൂർ സർവകലാശാലയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ അമർത്യ സെൻ പറഞ്ഞു. ജയ് ശ്രീ റാം മുദ്രാവാക്യം ബംഗാളി സംസ്കാരവുമായി ബന്ധപ്പെട്ടിട്ടില്ല എന്നും രാമ നവാമി പോലും ഇപ്പോൾ ജനപ്രീതി നേടുന്നുണ്ടെന്നും ഇതിനെക്കുറിച്ച് മുമ്പ് കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

“പ്രിയപ്പെട്ട ദൈവം ആരാണെന്ന് ഞാൻ എന്റെ നാല് വയസ്സുള്ള പേരക്കുട്ടിയോട് ചോദിച്ചു. അത് മാ ദുർഗയാണെന്ന മറുപടിയാണ് ലഭിച്ചത്. മാ ദുർഗ നമ്മുടെ ജീവിതത്തിൽ സർവ്വവ്യാപിയാണ്,” അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഒരു വിഭാഗം ആളുകൾ ‘ജയ് ശ്രീ റാം’ എന്ന് ചൊല്ലാൻ നിർബന്ധിതരാവുകയും വിസമ്മതിച്ചാൽ അവർ ആക്രമിക്കപ്പെടുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് അമർത്യ സെന്നിന്റെ അഭിപ്രായം.

പാവപ്പെട്ടവരുടെ വരുമാന നിലവാരം ഉയർത്തുന്നത് അവരുടെ ദുരവസ്ഥ കുറയ്ക്കില്ലെന്നും അടിസ്ഥാന ആരോഗ്യ സംരക്ഷണം, ശരിയായ വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നിവയിലൂടെ മാത്രമേ ദാരിദ്ര്യം കുറയ്ക്കാൻ കഴിയൂ എന്നും ദാരിദ്ര്യത്തെക്കുറിച്ച് സംസാരിച്ച അമർത്യ സെൻ പറഞ്ഞു.