ബ്രാഹ്മണര്‍ ജന്മം കൊണ്ട് ബഹുമാനം അര്‍ഹിക്കുന്നുവെന്ന് സ്പീക്കര്‍; ബഹുമാനിക്കുന്നത് ലോക്‌സഭാ സ്പീക്കറായതു കൊണ്ട് മാത്രമെന്ന് കപില്‍ സിബല്‍

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഞങ്ങള്‍ നിങ്ങളെ ബഹുമാനിക്കുന്നത് നിങ്ങള്‍ ഒരു ബ്രാഹ്മണനായതു കൊണ്ടല്ല, മറിച്ച് നിങ്ങള്‍ ലോക്‌സഭാ സ്പീക്കര്‍ ആയതു കൊണ്ടാണെന്ന് സിബല്‍ ട്വീറ്റ് ചെയ്തു.

ജന്മം കൊണ്ട് ബ്രാഹ്മണര്‍ ബഹുമാനം അര്‍ഹിക്കുന്നു എന്ന് ലോക്‌സഭാ സ്പീക്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് കപില്‍ സിബലിന്റെ വിമര്‍ശനം.

“ലോക്‌സഭാ സ്പീക്കര്‍ പറയുന്നത് ജന്മം കൊണ്ട് ബ്രാഹ്മണര്‍ ബഹുമാനം അര്‍ഹിക്കുന്നു എന്നാണ്. ഈ മനോഭാവമാണ് അസമത്വം നിറഞ്ഞ ഇന്ത്യയെ സൃഷ്ടിക്കുന്നത്. ഞങ്ങള്‍ നിങ്ങളെ ബഹുമാനിക്കുന്നത് നിങ്ങള്‍ ഒരു ബ്രാഹ്മണനായതു കൊണ്ടല്ല, മറിച്ച് നിങ്ങള്‍ ഞങ്ങളുടെ ലോക്‌സഭാ സ്പീക്കര്‍ ആയതുകൊണ്ടാണ്”- കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.

ഞായറാഴ്ച രാജസ്ഥാനിലെ കോട്ടയില്‍ നടന്ന അഖില്‍ ബ്രാഹ്മണ മഹാസഭയുടെ യോഗത്തില്‍ സംസാരിക്കവെയാണ് ലോക്‌സഭാ സ്പീക്കര്‍ വിവാദ പരാമര്‍ശനം നടത്തിയത്.

“മറ്റ് സമുദായങ്ങളെ നയിക്കുന്ന ബ്രാഹ്മണര്‍ അര്‍പ്പണബോധവും ത്യാഗവും ഉള്ളവരാണെന്നും, ജന്മം കൊണ്ട് അവര്‍ ബഹുമാനം അര്‍ഹിക്കുന്നു എന്നും ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞിരുന്നു. ബ്രാഹ്മണ സമൂഹം എല്ലാ കാലത്തും മറ്റ് സമൂഹങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കി വരുന്നു, രാജ്യത്തെ നയിക്കുന്നതില്‍ ബ്രാഹ്മണ സമൂഹം എല്ലായ്‌പ്പോഴും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സമൂഹത്തില്‍ വിദ്യാഭ്യാസവും മൂല്യങ്ങളും പ്രചരിപ്പിക്കുന്നതില്‍ അവര്‍ പങ്കു വഹിച്ചിട്ടുണ്ട്. ഇന്നും ഒരു ബ്രാഹ്മണ കുടുംബം ഒരു ഗ്രാമത്തിലോ മറ്റോ താമസിക്കുന്നുണ്ടെങ്കില്‍, ആ ബ്രാഹ്മണ കുടുംബം അവരുടെ സമര്‍പ്പണവും സേവനവും കാരണം എല്ലായ്‌പ്പോഴും ഉയര്‍ന്ന പദവി വഹിക്കുന്നു… അതിനാല്‍, അവര്‍ ജന്മം കൊണ്ട് തന്നെ സമൂഹത്തില്‍ ഉയര്‍ന്ന പരിഗണന അര്‍ഹിക്കുന്നു”- ഇങ്ങനെയായിരുന്നു ബിര്‍ള പറഞ്ഞിരുന്നത്.