നരേന്ദ്ര മോദിയെ പ്രശംസിക്കാന്‍ മത്സരിച്ച് നേതാക്കള്‍; 'പ്രിയ സുഹൃത്തെ...ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍'; ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഉള്‍പ്പെടെ ആശംസാപ്രവാഹം

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ബിജെപി കേവലഭൂരിപക്ഷം മറി കടന്ന് കുതിക്കുകയാണ്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ലോകനേതാക്കള്‍. മോദിയെ അഭിനന്ദിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. അതിശയകരമായ വിജയമാണിതെന്ന് അദ്ദേഹം പറഞ്ഞു. മോദിയെ അഭിനന്ദിച്ച് രംഗത്തെത്തിയ ആദ്യത്തെ ലോകനേതാവാണ് നെതന്യാഹു.

“പ്രിയ സുഹൃത്ത് നരേന്ദ്ര മോദി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.. താങ്കളുടെ കഴിവ് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൗഹൃദം ശക്തമായി തുടരുന്നതിന് ഈ വിജയം സഹായിക്കും. നന്നായിരിക്കുന്നു, പ്രിയ സുഹൃത്ത്..” നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു.


ഇസ്രായേലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ആദ്യമായി ഇസ്രായേല്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.

ഇന്ത്യയിലെ മികച്ച പ്രതിഭകളെല്ലാം മോദിയെ പ്രശംസിച്ച് രംഗത്തെത്തി. “പ്രിയപ്പെട്ട നരേന്ദ്രമോദി ജി, ഹൃദയം നിറഞ്ഞ ആശംസകള്‍..നിങ്ങള്‍ അതു നേടിക്കഴിഞ്ഞു.”-രജനീകാന്ത് ട്വിറ്ററിലൂടെ അഭിനന്ദിച്ചു.

മോദിയുടെ പുതിയ ചിന്തകളും പ്രവര്‍ത്തനങ്ങളുമാണ് ഇന്ത്യയുടെ നേട്ടമെന്നും സാമ്പത്തികമായും രാജ്യം മുന്നോട്ടു പോകുകയാണെന്നും നടന്‍ ശരത്കുമാര്‍ പറഞ്ഞു. താങ്കളില്‍ ഇന്ത്യയിലെ ജനങ്ങളുടെ വിശ്വാസമാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നതെന്നും ശരത്കുമാര്‍ ട്വീറ്റ് ചെയ്തു.


ബോളിവുഡില്‍ നിന്നും റിതേഷ് ദേശ്മുഖ്, പരേഷ് റാവല്‍, അനുപം ഖേര്‍, ഏകതാ കപൂര്‍ തുടങ്ങിയവരും മോദിക്ക് ആശംസകള്‍ നേര്‍ന്നു.