ജമ്മു ബസ് സ്റ്റാൻഡ് സ്ഫോടനത്തിന് പിന്നിൽ ഐ.എസ്.ഐ: വെളിപ്പെടുത്തി അറസ്റ്റിലായ പാക് ഭീകരൻ

2009ലെ ജമ്മു ബസ് സ്റ്റാൻഡ് സ്ഫോടനത്തിന് പിന്നിൽ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി ഐഎസ്ഐ ആണെന്ന് ലക്ഷ്മി നഗറിൽ ചൊവ്വാഴ്ച ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത പാകിസ്ഥാനി ഭീകരൻ മുഹമ്മദ് അഷ്റഫ് വെളിപ്പെടുത്തി. ഡൽഹി ഹൈക്കോടതിക്ക് പുറത്ത് നടന്ന 2011 സ്ഫോടനങ്ങൾക്ക് മുമ്പ് ഇയാൾ പരിസരത്ത് നിരീക്ഷണം നടത്തിയിരുന്നതായും പറഞ്ഞു.

2011 ഓടെ, ഐടിഒയിൽ സ്ഥിതി ചെയ്യുന്ന പൊലീസ് ആസ്ഥാനത്ത് (പഴയ പൊലീസ് ആസ്ഥാനം) ഇയാൾ പലതവണ നിരീക്ഷണത്തിനായി എത്തിയിരുന്നു, എന്നാൽ ആളുകളെ ഈ പരിസരത്ത് നിൽക്കാൻ പൊലീസ് അനുവദിക്കാത്തതിനാൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞില്ല. ഇതോടൊപ്പം, ഇയാൾ പാകിസ്ഥാനിലെ തന്റെ കൈകാര്യക്കാർക്ക് ISBT (അന്തർ സംസ്ഥാന ബസ് ടെർമിനൽ) – യുടെ വിവരങ്ങളും അയച്ചു.

നിലവിൽ, ഡൽഹിയിലെ ഏതെങ്കിലും സ്ഫോടനത്തിൽ ഇയാൾക്ക് പങ്കുണ്ടോ എന്നറിയാൻ അന്വേഷണ ഏജൻസികൾ ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇതുവരെ, ചോദ്യം ചെയ്യലിൽ ജമ്മുവിലെ ബസ് സ്റ്റാൻഡിൽ 2009 ൽ 4 പേർ മരിച്ച സ്ഫോടനം നടന്നത് ഐഎസ്ഐ ഓഫീസർ നസീറിന്റെ നിർദേശപ്രകാരമാണെന്ന് വെളിപ്പെടുത്തി.

2011 ൽ ഡൽഹി ഹൈക്കോടതി സ്ഫോടനം നടത്താൻ രണ്ട് പാകിസ്ഥാനികൾ എത്തിയതായി അഷ്റഫ് വെളിപ്പെടുത്തി. അവരിൽ ഒരാൾ ഗുലാം സർവാർ എന്നാണ് അറിയപ്പെട്ടിരുന്നത്. ജമ്മു കശ്മീരിൽ 5 സൈനികരെ ക്രൂരമായി കൊലപ്പെടുത്തിയതിൽ പങ്കുണ്ടെന്ന് ഇയാൾ സമ്മതിച്ചു.

ഈ അവകാശവാദം അധികൃതർ പരിശോധിച്ചുവരികയാണ്. ഐഎസ്ഐ ഓഫീസർ നസീറിന്റെ നിർദേശപ്രകാരം പലതവണ ആയുധങ്ങൾ വിതരണം ചെയ്യാൻ ജമ്മു കശ്മീരിലേക്ക് പോയിട്ടുണ്ടെന്ന് അഷ്റഫ് പറഞ്ഞു. താൻ എപ്പോഴും ഐഎസ്ഐ ഉദ്യോഗസ്ഥരുമായി ഇ-മെയിൽ വഴി ആശയവിനിമയം നടത്താറുണ്ടെന്നും ഇയാൾ വെളിപ്പെടുത്തി.