ജെ.എന്‍.യു ആക്രമണം: എ.ബി.വി.പിക്ക് എതിരെ വധശ്രമത്തിന് കേസെടുക്കണം; പരാതിയുമായി ഐഷി ഘോഷ്

തനിക്കെതിരെ നടന്ന ആക്രമണത്തില്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷ ഐഷി ഘോഷ് എ.ബി.വിപിയ്ക്കെതിരെ പരാതി നല്‍കി. വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഐഷി പോലീസില്‍ പരാതി നല്‍കിയത്.

ജനുവരി അഞ്ചിന് സര്‍വകലാശാലയില്‍ നടന്ന ആക്രമണത്തില്‍ ഐഷി ഘോഷ് ഉള്‍പ്പടെ നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. മുഖംമൂടി ധരിച്ച ഒരു കൂട്ടം ആളുകള്‍ പെരിയാര്‍ ഹോസ്റ്റലില്‍ സംഘടിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു.

അക്രമികള്‍ അഴിഞ്ഞാടിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞെങ്കിലും കാര്യമായ നടപടികള്‍ ഡല്‍ഹി പൊലീസ് സ്വീകരിച്ചിട്ടില്ല. രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമായിട്ടും അക്രമങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, സമാധാനപരമായി കാമ്പസില്‍ സമരം ചെയ്തിരുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.

തലയ്ക്ക് മുറിവേറ്റ് ചോരയില്‍ കുളിച്ച ഐഷിയുടെ ചിത്രം ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. എയിംസില്‍ ചികിത്സ തേടിയ ഐഷി ആശുപത്രി വിട്ട ശേഷം മാധ്യമങ്ങളെ കാണുകയും എബിവിപിയ്ക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.