മദ്രസകളിലും സ്കൂളുകളിലും ഹനുമാൻ ചാലിസ് മന്ത്രം നിർബന്ധമാക്കുക: കെജ്‌രിവാളിനോട് ബി.ജെ.പി നേതാവ് കൈലാഷ് വിജയവർഗിയ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേടിയ വൻ വിജയത്തിന് അരവിന്ദ് കെജ്‌രിവാളിനെ ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ അഭിനന്ദിച്ചു. ഹനുമാനിൽ വിശ്വാസം അർപ്പിക്കുന്നവർ ഭാഗ്യവാന്മാർ എന്ന് കൈലാഷ് വിജയവർഗിയ പറഞ്ഞു.

ഡൽഹിയിലെ എല്ലാ സ്കൂളുകളിലും കോളജുകളിലും മദ്രസകളിലും ഹനുമാൻ ചാലിസ പാരായണം നിർബന്ധമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ബിജെപി നേതാവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന അരവിന്ദ് കെജ്‌രിവാളിനെ അറിയിച്ചു.

ഡൽഹിയിലെ എല്ലാ സ്കൂളുകളിലും മദ്രസകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹനുമാൻ ചാലിസ പാരായണം നിർബന്ധമാക്കേണ്ട സമയമാണിതെന്ന് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ ബുധനാഴ്ച ട്വിറ്ററിൽ ഹിന്ദിയിൽ എഴുതി. “ഡൽഹിയിലെ കുട്ടികൾ ബജ്‌റംഗബാലിയുടെ [ഹനുമാൻ] കൃപയിൽ നിന്ന് വിട്ടുനിൽക്കുന്നത് എന്തുകൊണ്ട്?” കൈലാഷ് വിജയവർഗിയ ചോദിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രപരമായ വിജയം പാർട്ടിക്ക് ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച കൊണാട്ട് പ്ലേസിനടുത്തുള്ള ഒരു ഹനുമാൻ ക്ഷേത്രത്തിൽ അരവിന്ദ് കെജ്‌രിവാൾ തൊഴാൻ എത്തിയിരുന്നു. കെജ്‌രിവാളിനൊപ്പം കുടുംബവും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉണ്ടായിരുന്നു.

ഹിന്ദു എന്ന നിലയ്ക്ക് ബിജെപിയുടെ അംഗീകാരം തനിക്ക് ആവശ്യമില്ലെന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെജ്‌രിവാൾ ഒരു ന്യൂസ് ചാനലിനോട് പറയുകയും വേദിയിൽ “ഹനുമാൻ ചാലിസ” ചൊല്ലുകയും ചെയ്തിരുന്നു.