മുംബൈ നേവൽ ഡോക്ക് യാർഡിൽ ഐ.എൻ.എസ് രൺവീർ കപ്പലിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു

മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിൽ ഇന്ത്യൻ നാവികസേനയുടെ ഡിസ്ട്രോയർ കപ്പലായ ഐഎൻഎസ് രൺവീറിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് നാവിക സേനാംഗങ്ങൾ മരിച്ചു.

“ഇന്ന് മുംബൈ നേവൽ ഡോക്ക്‌യാർഡിൽ നടന്ന നിർഭാഗ്യകരമായ സംഭവത്തിൽ ഐഎൻഎസ് രൺവീർ കപ്പലിലെ ആന്തരിക കമ്പാർട്ടുമെന്റിലുണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റ് മൂന്ന് നാവിക സേനാംഗങ്ങൾ മരണത്തിന് കീഴടങ്ങി,” പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

“കപ്പൽ ജീവനക്കാർ ഉടനടി പ്രതികരിക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു,” പ്രസ്താവനയിൽ പറയുന്നു.

സ്‌ഫോടനത്തിന് ആയുധവുമായോ വെടിമരുന്ന് സ്‌ഫോടനവുമായോ യാതൊരു ബന്ധവുമില്ലെന്ന് വൃത്തങ്ങൾ പറയുന്നു. സ്‌ഫോടനത്തിന്റെ കാരണം അന്വേഷിക്കാൻ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

ഐഎൻഎസ് രൺവീർ 2021 നവംബർ മുതൽ ഈസ്റ്റേൺ നേവൽ കമാൻഡിൽ നിന്ന് ക്രോസ് കോസ്റ്റ് പ്രവർത്തന വിന്യാസത്തിലായിരുന്നു, താമസിയാതെ ബേസ് പോർട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.