പണത്തിന് പകരം ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍; എംബസി ജീവനക്കാരന്‍ അറസ്റ്റില്‍

പാകിസ്താന് വേണ്ടി ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ അറസ്റ്റില്‍. റഷ്യയിലെ മോസ്‌കോയില്‍ ഇന്ത്യന്‍ എംബസി ജീവനക്കാരനായി ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി സതേന്ദ്ര സിവാല്‍ ആണ് അറസ്റ്റിലായത്. ഐഎസ്‌ഐയുമായി ചേര്‍ന്ന് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് പ്രതിയെ പിടികൂടിയത്.

ഉത്തര്‍പ്രദേശ് പൊലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സതേന്ദ്ര സിവാല്‍ വിദേശകാര്യ വകുപ്പില്‍ മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് ആയിരുന്നു. പാക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് വിദേശകാര്യ വകുപ്പില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു എംബസി ഉദ്യോഗസ്ഥന്റെ അറസ്റ്റ്.

പണത്തിന് പകരമായാണ് പ്രതി ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയതായാണ് വിവരം. 2021 മുതല്‍ എംബസിയില്‍ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്റ് ആയിരുന്നു പ്രതി.