അമേരിക്കൻ പ്രസിഡന്റിന്റെ മുന്നോട്ടുവെച്ച് ഗാസ സമാധാന പദ്ധതിയിലെ ചില ഉപാധികൾ ഹമാസ് അംഗീകരിച്ചതിന് പിന്നാലെ ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാസയിലെ സമാധാന ശ്രമങ്ങൾ നിർണായക പുരോഗതി കൈവരിക്കുന്ന സാഹചര്യത്തിൽ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മോദി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
‘ഗാസയിലെ സമാധാന ശ്രമങ്ങൾ നിർണായക പുരോഗതി കൈവരിക്കുന്ന സാഹചര്യത്തിൽ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ബന്ദികളുടെ മോചനത്തിന്റെ സൂചനകൾ ഒരു സുപ്രധാന ചുവടുവയ്പ്പിനെ സൂചിപ്പിക്കുന്നു. ശാശ്വതവും നീതിയുക്തവുമായ സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ ശക്തമായി പിന്തുണയ്ക്കുന്നത് തുടരും’ എന്നായിരുന്നു മോദിയുടെ കുറിപ്പ്.
ട്രംപിന്റെ വെടി നിർത്തൽ കരാർ പ്രകാരം ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതം അറിയിച്ചത്. ബന്ദികളെ പൂർണ്ണമായി കൈമാറാൻ ഹമാസ് സന്നദ്ധത അറിയിച്ചു. മധ്യസ്ഥ ചച്ചകൾക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ ഹമാസ് മറ്റ് ഉപാധികളിന്മേൽ കൂടുതൽ ചർച്ച വേണമെന്നും അറിയിച്ചു.







