അമ്മാതിരി കമന്റൊന്നും വേണ്ട; പൗരത്വ ഭേദഗതി ഞങ്ങളുടെ ആഭ്യന്തര കാര്യം; മറ്റു ഇടപെടലുകള്‍ക്ക് അനുവദിക്കില്ല; അമേരിക്കയെ വിമര്‍ശിച്ച് ഇന്ത്യ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച രൂക്ഷവിമര്‍ശനവുമായി ഇന്ത്യ. സിഎഎ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അതില്‍ മറ്റു ഇടപെടലുകള്‍ക്ക് അനുവദിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. സിഎഎ നടപ്പാക്കാനാണ് രാജ്യം ഇരു സഭകളിലും നിയമം പാസാക്കിയെടുത്തത്. ഇതിനെക്കുറിച്ചുള്ള അമേരിക്കയുടെ പ്രസ്താവന തെറ്റായതും അനാവശ്യവുമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തെക്കുറിച്ചും മേഖലയുടെ വിഭജനപൂര്‍വ ചരിത്രത്തെക്കുറിച്ചും അറിവില്ലാതെയുള്ള പ്രതികരണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇന്ത്യയുടെ സുഹൃദ് രാജ്യങ്ങള്‍ നടപടിയെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വാവകാശം നല്‍കുന്നതാണ് പുതിയ നിയമം.

Read more

ഇന്ത്യയില്‍ സിഎഎ നടപ്പാക്കുന്നത് നിരീക്ഷിക്കുകയാണെന്ന് കഴിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ഇന്ത്യ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതി വിവേചനപരമായ സ്വഭാവത്തിലുള്ളതും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനവുമാണെന്ന് യുഎന്‍ ഹൈക്കമ്മീഷണര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.