പ്രധാനമന്ത്രി സ്ഥാനാർത്ഥിയെയും കൺവീനറേയും തെരഞ്ഞെടുക്കുമോ?; തീരുമാനങ്ങൾ പ്രഖ്യാപിച്ചേക്കും, മുംബൈയിൽ 'ഇന്ത്യ'യുടെ നി‍ർണായക യോഗം

2024 ലെ ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ ബിജെപിയോട് പോരാടാൻ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച സഖ്യമാണ് ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് എന്ന ഇന്ത്യ സഖ്യം.ഇന്ന് മൂംബൈയിൽ സഖ്യത്തിന്റെ നിർണായക യോഗം ചേരുകയാണ്.

വൈകീട്ടോടെ നേതാക്കളെല്ലാം മുംബൈയിലെത്തും. വൈകീട്ട് ആറരയോടെ അനൗദ്യോഗിക കൂടക്കാഴ്ചകൾക്ക് തുടക്കമാവും. രാത്രി ഉദ്ദവ് താക്കറെ നേതാക്കൾക്ക് അത്താഴ വിരുന്നൊരുക്കും. നാളെയാണ് മുന്നണിയുടെ ലോഗോ പ്രകാശനം.

യോഗത്തിനു ശേഷം മുന്നണിയിൽ നിന്ന് നിർണായകമായ പ്രഖ്യാപനങ്ങൾക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ മുഖ്യ അജണ്ട തെരഞ്ഞെടുപ്പ് തന്നെയായിരിക്കും.

ഇന്ത്യ’യുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാകണം എന്നതിലും കൺവീനർ സ്ഥാനം ആർക്ക് എന്നതിലും ചർച്ചകൾ ഉണ്ടാകും. പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച് വിവിധ പാർട്ടികൾ ഇതിനകം അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്.

കൺവീനർ സ്ഥാനം വേണമെന്ന് കടും പിടത്തമില്ലെന്നും, മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെ കൺവീനർ സ്ഥാനത്ത് എത്തില്ലെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ഖർഗെ കൺവീനറാകട്ടെയെന്ന് നേരത്തെ ജെഡിയു നിർദേശിച്ചിരുന്നു. അത് തള്ളിയാണ് കോൺഗ്രസ് നിലപാടറിയിച്ചത്.

26 പാര്‍ട്ടികളുള്ള ‘ഇന്ത്യ’ സഖ്യം ഇക്കാര്യത്തിൽ ഒരു സമന്വയത്തിലെത്തുക എങ്ങനെയാകും എന്നതാണ് രാഷ്ട്രീയ നിരീക്ഷകരും ജനങ്ങളും ഉറ്റുനോക്കുന്നത്. ജെ ഡി യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്‍റെ പേരാണ് ഇതിനിടെ ഉയർന്ന് കേട്ടത്.ഉദ്ദവ് വിഭാഗം ശിവസേന നേതാക്കളടക്കമുള്ളവർ അദ്ദേഹത്തിൻന്റെ പേര് പരസ്യമായി നിർദേശിച്ചിരുന്നു.

എന്നാൽ ഈ ആവശ്യം ജെഡിയു നിഷേധിച്ചു.പ്രതിപക്ഷ മുന്നണി ‘ഇന്ത്യ’യുടെ കൺവീനർ സ്ഥാനം കോൺഗ്രസ് ഏറ്റെടുക്കണമെന്നാണ് ജെ ഡി യു ആവശ്യപ്പെട്ടത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ കൺവീനറാകണമെന്ന ആവശ്യവും ജെ ഡി യു മുന്നോട്ട് വച്ചിരുന്നു.ഖർഗെ അല്ലെങ്കിൽ മറ്റൊരു കോൺഗ്രസ് നേതാവ് ആകട്ടെയെന്നും ജെഡിയു അറിയിച്ചു.ഇതിനോടാണ് കോൺഗ്രസ് വിയോജിച്ചിരിക്കുന്നത്

മുംബൈയില്‍ യോഗം തുടങ്ങുന്നതിന് മുൻപേ തന്നെ ഇക്കാര്യത്തിൽ ചർച്ചകൾ സജീവമായിരുന്നു.യോഗത്തിൽ ‘ഇന്ത്യ’ മുന്നണിയുടെ സീറ്റ് വിഭജനവും പുതിയ പാർട്ടികളെ ഉള്‍പ്പെടുത്തുന്ന കാര്യത്തിലും വിശദമായ ചർച്ചകൾ ഉണ്ടാകും. യോഗത്തിൽ നിർണായക പ്രഖ്യാപനം വരുമെന്ന് എം കെ സ്റ്റാലിനും നേരത്തെ പറഞ്ഞിരുന്നു.