കശ്മീർ വിഷയം യു.എന്നിൽ ഉയർത്തി ചൈന; രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ  ഇടപെടേണ്ടതില്ലെന്ന് ഇന്ത്യ

ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതിയില്‍ കശ്മീര്‍ പ്രശ്നം ഉന്നയിക്കാനുള്ള ചൈനയുടെ ശ്രമം എതിര്‍ത്ത് ഇന്ത്യ. സഖ്യകക്ഷിയായ പാകിസ്ഥാനെ പിന്തുണച്ച് ചൈന നടത്തിയ നീക്കത്തെ എതിര്‍ത്ത ഇന്ത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ചൈനയുടെ ഇടപെടലിനെ ശക്തമായി എതിർത്തു.

ഇന്ത്യന്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചൈന സുരക്ഷാ സമിതിയില്‍ ചര്‍ച്ച ആരംഭിക്കാന്‍ ശ്രമം നടത്തിയെന്നും മുമ്പത്തെ പോലെ ഈ ശ്രമത്തിലും ഇതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ കുറവായിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന്റെ ഒന്നാം വാര്‍ഷകത്തോടനുബന്ധിച്ചാണ് വിഷയം യുഎന്‍ സുരക്ഷാ സമിതിയില്‍ ചര്‍ച്ച ചെയ്യാന്‍ ചൈന സമ്മര്‍ദ്ദം ചെലുത്തിയത്.