സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു; ഒരാഴ്ചയ്ക്കിടെ ഒരു കിലോ ജയ അരിക്ക് കൂടിയത് അഞ്ചരരൂപ

സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ ഒരു കിലോ ജയ അരിക്ക് കൂടിയത് അഞ്ചരരൂപ. ആന്ധ്രയിൽ നിന്നുള്ള അരിയുടെ കയറ്റുമതി കുറഞ്ഞതോടെയാണ് വിലക്കയറ്റത്തിനു കാരണം. വൈദ്യുതിക്ഷാമം മൂലം ആന്ധ്രയിൽ മില്ലുകൾ പ്രവർത്തിക്കാത്തതാണ് അരി വരവ് നിലയ്ക്കാൻ കാരണം.

മലയാളികൾക്ക് ഏറെ പ്രിയമേറിയ ജയ അരിക്ക് മാത്രം  ഒരാഴ്ചയ്ക്കിടെ കൂടിയത് അഞ്ചരരൂപയാണ്. സ്ഥിതി തുടർന്നാൽ വില ഇനിയും കുതിച്ചുയരും. എന്നാൽ കടുത്ത വൈദ്യുതി പ്രതിസന്ധി കാരണം ആഴ്ചയിൽ മൂന്നു ദിവസം അഞ്ചു മണിക്കൂർ വീതം മാത്രാണ് അരി മില്ലുകൾക്ക് പ്രവർത്തിക്കാൻ കഴിയുന്നത്. അതായത് ഉൽപാദനം എൺപതു ശതമാനത്തോളം കുറഞ്ഞു.

ആവശ്യമുള്ളതിൻറെ പത്തു ശതമാനത്തിൽ താഴെ മാത്രമാണ് കേരള വിപണിയിലെത്തുന്നത്. കഴിഞ്ഞ ആഴ്ച ഒരു കിലോ ജയ അരിയുടെ മൊത്തവില 33 രൂപയായിരുന്നത് ഇപ്പേൾ 38 രൂപയാണ്. ചില്ലറ വിപണിയിൽ 42 രൂപ നൽകണം ഒരു കിലോ അരിക്ക്. തമിഴ്നാട്ടിൽനിന്നും കർണാകടയിൽനിന്നും ചെറിയതോതിലെങ്കിലും അരി എത്തുന്നത് മാത്രമാണ് ആശ്വാസം.