യു.പിയില്‍ ഉച്ചഭാഷിണികള്‍ നീക്കി, 17,000 ആരാധനാലയങ്ങളിലെ ലൗഡ്‌സ്പീക്കറുകളുടെ ശബ്ദം കുറച്ചു

ഉത്തര്‍പ്രദേശില്‍ അനധികൃത ഉച്ചഭാഷണികള്‍ നീക്കം ചെയ്യുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ് പ്രകാരം 125 സ്ഥലങ്ങളില്‍ നിന്ന് ഉച്ചഭാഷിണികള്‍ പൊലീസ് നീക്കം ചെയ്തു. സംസ്ഥാനത്തുടനീളമുള്ള 17,000 ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളുടെ ശബ്ദം കുറച്ചു. സമാധാനപരമായി നമസ്‌കാരം നടത്തുന്നതിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ടെന്നും സമാധാന സമിതി യോഗങ്ങള്‍ നടക്കുന്നുണ്ടെന്നും എഡിജിപി പ്രശാന്ത് കുമാര്‍ അറിയിച്ചു.

ഉച്ചഭാഷിണി വിഷയവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ 37,344 മതനേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ആരാധനാലയങ്ങളുടെ ചുമതലയുള്ളവര്‍ തന്നെയാണ് ഉച്ചഭാഷിണികളുടെ ശബ്ദം കുറയ്ക്കുന്ന നടപടി സ്വീകരിച്ചിരിക്കുന്നത്. മത നേതാക്കളുമായി ചര്‍ച്ച ചെയ്ത് അവരുമായി ഏകോപിപ്പിച്ച് അനധികൃത ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുന്നത് ഉറപ്പാക്കാനായിരുന്നു പൊലീസിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്.

അനുമതി വാങ്ങിയ ശേഷം ഉച്ചഭാഷിണി ഉപയോഗിക്കാമെന്നും എന്നാല്‍ പരിസരത്ത് നിന്ന് ശബ്ദം പുറത്തുവരരുതെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഉച്ചഭാഷിണികള്‍ക്ക് പുതിയ പെര്‍മിറ്റ് നല്‍കില്ല. ഇത്തരം സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി ഏപ്രില്‍ 30നകം ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് അയക്കാന്‍ പൊലീസ് സ്റ്റേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകളില്‍ നിന്നുമുള്ള ഡിവിഷണല്‍ കമ്മീഷണര്‍മാര്‍ റിപ്പോര്‍ട്ട് അയക്കണം.

മുന്‍കൂര്‍ അനുമതിയില്ലാതെ സംസ്ഥാനത്ത് ഒരു മതപരമായ ഘോഷയാത്രയും നടത്തരുതെന്നും ഉച്ചഭാഷിണി മറ്റുള്ളവര്‍ക്ക് അസൗകര്യം ഉണ്ടാക്കരുതെന്നും കഴിഞ്ഞ ആഴ്ച യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.

ഡല്‍ഹിയിലും ഗുജറാത്തിലും ഉള്‍പ്പടെ മറ്റ് പല സംസ്ഥാനങ്ങളിലും ഹനുമാന്‍ ജയന്തി, രാമനവമി ആഘോഷങ്ങളോട് അനുബന്ധിച്ച് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചത്തലത്തിലാണ് പുതിയ ഉത്തരവ് നടപ്പിലാക്കുന്നത്.

ഉച്ചഭാഷിണി വിഷയത്തില്‍ മഹാരാഷ്ട്രയില്‍ വിവാദം ഉടലെടുത്തിരുന്നു. മെയ് 3 നകം പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്നും ഇല്ലെങ്കില്‍ എംഎന്‍എസ് പ്രവര്‍ത്തകര്‍ പള്ളിക്ക് പുറത്ത് സ്പീക്കറുകള്‍ സ്ഥാപിച്ച് ഹനുമാന്‍ ചാലിസ വായിക്കുമെന്നുമാണ് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അദ്ധ്യക്ഷന്‍ രാജ് താക്കറെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മതപരമായ സ്ഥലങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാക്കിയിട്ടുണ്ട്.