ഗോമൂത്ര നാമത്തിലും സത്യപ്രതിജ്ഞ; കർണാടക മൃ​ഗ സംരക്ഷണ വകുപ്പ് മന്ത്രി സത്യപ്രതിജ്ഞ ചെയ്തത് ​ഗോമൂത്ര നാമത്തിൽ

കർണാടകയിൽ ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചർച്ചയാവുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി ​ഗോ മൂത്ര നാമത്തിൽ വരെ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു.

ബസവരാജ് ബൊമ്മെ മന്ത്രിസഭയിലെ 29 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. ഇതിൽ മൃഗസംരക്ഷണ വകുപ്പു മുൻമന്ത്രി പ്രഭു ചൗഹാനാണ് ഗോമൂത്ര നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്.

മറ്റൊരു മന്ത്രി അനന്ദ് സിംഗ് കർണാടകയിലെ ആരാധന മൂർത്തികളായ വിജയനഗര വിരൂപാക്ഷ, തായി ഭുവനേശ്വരി എന്നീ ദൈവങ്ങളുടെ പേരിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

ലിംഗായത്ത് നേതാവ് മുരുഗേഷ് നിരാണി, കർഷകരുടെയും ദൈവത്തിന്റെയും പേരിൽ സത്യപ്രതിജ്ഞ ചൊല്ലി. ജൂലൈ 28-നാണ് കർണാടകയുടെ 23-ാമത് മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എട്ട് ലിംഗയത്തുകാരും, 7 വൊക്കലിംഗക്കാരും, ഏഴു ഒബിസിക്കാരും 4 എസ്ഇ, എസ്ടിക്കാരും, 1 റെഡ്ഡി വിഭാഗക്കാരനും അടങ്ങുന്നതാണ് മന്ത്രിസഭ.