ഡൽഹിയിൽ ജീവനക്കാരനെ കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കി മെട്രോ സ്റ്റേഷനിൽ തള്ളി വ്യവസായി

തെക്കൻ ഡൽഹിയിലെ സരോജിനി നഗറിൽ സെക്‌സ് ബ്ലാക്ക് മെയിൽ വീഡിയോയുടെ പേരിൽ ജീവനക്കാരനെ കൊലപ്പെടുത്തിയെന്നാരോപിച്ച് തുണി വ്യവസായി അറസ്റ്റിൽ. കൊലപാതകത്തിന് സഹായിച്ച വ്യവസായിയുടെ അനന്തരവൻ ഉൾപ്പെടെ രണ്ട് പേർ കൂടി അറസ്റ്റിലായതായി പൊലീസ് ഓഫീസർ ഗൗരവ് ശർമ്മ പറഞ്ഞു.

22 കാരനായ ഷോപ്പ് ജീവനക്കാരന്റെ മൃതദേഹം ട്രോളി ബാഗിനുള്ളിൽ സൂക്ഷിച്ച ശേഷം പ്രതികൾ ദക്ഷിണ ഡൽഹിയിലെ പ്രശസ്തമായ മാർക്കറ്റിന് സമീപമുള്ള സരോജിനി നഗറിലെ മെട്രോ സ്റ്റേഷന് പുറത്ത് ഉപേക്ഷിച്ചു.

രണ്ട് കുട്ടികളുള്ള 36 കാരനായ ബിസിനസുകാരനുമായി ജീവനക്കാരൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു, ജീവനക്കാരൻ ഇതിന്റെ വീഡിയോ റെക്കോർഡുചെയ്‌ത് ബിസിനസുകാരനിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചതായി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. പണം നൽകിയില്ലെങ്കിൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്ന് ജീവനക്കാരൻ ബിസിനസുകാരനെ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

കൊലപാതക പദ്ധതി ആവിഷ്‌കരിച്ച്, ബിസിനസുകാരൻ ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന തന്റെ അനന്തരവനെ ജനുവരി 28 ന് ഡൽഹിയിലേക്ക് വിളിക്കുകയും സരോജിനി നഗറിൽ നിന്ന് 3 കിലോമീറ്റർ അകലെ തെക്കൻ ഡൽഹിയിലെ യൂസഫ് സരായിലെ ഗസ്റ്റ്ഹൗസിൽ രണ്ട് മുറികൾ ബുക്ക് ചെയ്യുകയും ചെയ്തു.

പ്രതികൾ വലിയ ട്രോളി ബാഗും ചുമന്ന് കൊണ്ട് പോകുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞതായി പൊലീസ് പറഞ്ഞു. ജോലിക്കെന്ന് പറഞ്ഞ് പ്രതികൾ ജീവനക്കാരനെ ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു, അവിടെയെത്തിയപ്പോൾ, അവർ ജീവനക്കാരനെ കീഴടക്കി, ഗസ്റ്റ്ഹൗസിന്റെ ബാൽക്കണിയിൽ നിന്ന് മുറിച്ച തുണി ഉണക്കാനിടുന്ന കയർ കൊണ്ട് കെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹം ട്രോളി ബാഗിൽ കയറ്റി ടാക്‌സിയിൽ സരോജിനി നഗർ മെട്രോ സ്‌റ്റേഷനിൽ എത്തിച്ച് അവിടെ ഉപേക്ഷിച്ചതായി പൊലീസ് പറഞ്ഞു. ദാരുണമായ കൊലപാതകത്തിന് ശേഷം, വ്യവസായി തന്റെ ജീവനക്കാരന്റെ ഷൂസ്, ജാക്കറ്റ്, തൊപ്പി, വാലറ്റ് എന്നിവ എടുത്ത് പടിഞ്ഞാറൻ ഡൽഹിയിലെ ഉത്തം നഗറിലെ മറ്റൊരു മെട്രോ സ്റ്റേഷന് സമീപം വലിച്ചെറിഞ്ഞു. മരിച്ച ജീവനക്കാരന്റെ മൊബൈൽ ഫോൺ പ്രതിയായ അനന്തരവൻ യുപിയിലെ തന്റെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. തോണ്ടിമുതലിൽ ചിലത് കണ്ടെടുത്തതായും കൂടുതൽ തെളിവുകൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.