ചാനല്‍ ചര്‍ച്ചയില്‍ ആളുമാറി ശകാരം; വൈറലായി അവതാരകന്റെ വീഡിയോ

ചാനല്‍ ചര്‍ച്ചകളിലെ പലഭാഗങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോയായും ട്രോളുകളായും പ്രചരിക്കാറുണ്ട്. ചര്‍ച്ചകളില്‍ അവതാരകരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അബദ്ധങ്ങളും സാമൂഹ്യ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട് അത്തരത്തില്‍ ടൈംസ് നൗ ചാനലിലെ ഒരു പരിപാടിയില്‍ അവതാരകന് പറ്റിയ അബദ്ധമാണ് ഇപ്പോള്‍ വൈറലാകുന്നത്.

റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെ കുറിച്ചായിരുന്നു ചര്‍ച്ച. ഇതിനിടയില്‍ ടൈംസ് നൗ എഡിറ്റര്‍ രാഹുല്‍ ശിവശങ്കര്‍ ആളുമാറി ശകാരിക്കുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമത്തില്‍ തരംഗമായി മാറിയത്. റോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡാനിയല്‍ മക്ആഡംസ്, ഉക്രൈനിയന്‍ പത്രമായ കിയവ് പോസ്റ്റ് എഡിറ്റര്‍ ബോദാന്‍ നഹയ്ലോ തുടങ്ങിയവര്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് അവതാരകന് ആളുമാറിപ്പോയത്. നിന്ന് തെറ്റ് സംഭവിച്ചത്.

ബോദാന്‍ നഹയ്ലോയെ മക്ആഡംസ് എന്ന് വിളിച്ചുകൊണ്ട് അവതാരകന്‍ കയര്‍ത്ത് സംസാരിക്കുകയായിരുന്നു. ഇന്ത്യക്കാരെ കുറ്റപ്പെടുത്തുന്നതിന് പകരം താങ്കള്‍ക്ക് ഉക്രൈനിയക്കാരെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ സൈന്യത്തെ ഉപയോഗിച്ച് യുദ്ധം അവസാനിപ്പിക്കൂ എന്നാണ് രാഹുല്‍ ശിവശങ്കര്‍ മക്ആഡംസ് ആണെന്ന് കരുതി ബോദാന്‍ നഹയ്ലോയോട് പറഞ്ഞത്.

നിങ്ങള്‍ക്ക് ആളുമാറിപ്പോയി എന്ന് മക്ആഡംസ് ഇടയില്‍ പറഞ്ഞുവെങ്കിലും അവതാരകന്‍ അത് കേട്ടില്ല. ഒരു മിനിറ്റില്‍ കൂടുതല്‍ നീണ്ടു നിന്ന സംഭാഷണത്തില്‍ തനിക്ക് ആളുമാറി പോയി എന്ന കാര്യം അവതാരകന്‍ തിരിച്ചറിഞ്ഞില്ല.

ഒടുവില്‍ താനാണ് മക്ആഡംസ് എന്ന് പാനലിസ്റ്റ് സ്വയം പറഞ്ഞപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധത്തെ കുറിച്ച് അവതാരകന്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു. ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ പേരുകള്‍ തെറ്റായാണ് ചാനലില്‍ കാണിച്ചിരുന്നത്. ഇതാണ് തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചര്‍ച്ചയ്ക്കിരിക്കുമ്പോള്‍ അതിഥികളാരാണെന്ന് ശ്രദ്ധിക്കണം. അവതാരകന്റെ അശ്രദ്ധയെക്കാള്‍ പെരുമാറ്റമാണ് വിമര്‍ശിക്കപ്പെടേണ്ടത് എന്നീ തരത്തില്‍ നിരവധി കമന്റുകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആളുകള്‍ കുറിക്കുന്നത്.