ബുര്‍ഖ നിരോധിച്ചാല്‍ ഹിന്ദുക്കളുടെ ശിരോവസ്ത്രമായ 'ഖൂണ്‍ഘാത്തും' നിരോധിക്കണം: ജാവേദ് അക്തര്‍

ബുര്‍ഖ നിരോധിച്ചാല്‍ ഹിന്ദു സ്ത്രീകളുടെ ശിരോവസ്ത്രമായ ഖൂണ്‍ഘാത്ത് നിരോധിക്കണമെന്ന് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍. രാജസ്ഥാനിലെ ഹിന്ദു സ്ത്രീകള്‍ ധരിക്കുന്ന മുഖം മറയ്ക്കുന്ന രീതിയിലുള്ള വേഷവിധാനമാണ് ഖൂണ്‍ഘാത്ത്. ഇന്ത്യയിലും ബുര്‍ഖ നിരോധിക്കണമെന്ന ശിവസേനയുടെ ആവശ്യത്തിന് പിന്നാലെയാണ് ജാവേദ് അക്തറിന്റെ പ്രതികരണം.

ബുര്‍ഖ നിരോധിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ രാജസ്ഥാനിലെ അവസാനഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ ഹിന്ദു സ്ത്രീകള്‍ മുഖംമറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ഖൂണ്‍ഘാത്ത് നിരോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

“നിങ്ങള്‍ക്ക് ഇന്ത്യയില്‍ ബുര്‍ഖ നിരോധിക്കണമെന്നാണെങ്കില്‍ എനിക്കതില്‍ ഒരു എതിര്‍പ്പുമില്ല. എന്നാല്‍ അവസാനഘട്ടത്തിലുള്ള രാജസ്ഥാനിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്‍പ്, ആ സംസ്ഥാനത്ത് പ്രചാരത്തിലുള്ള ഖൂണ്‍ഘാത്തും നിങ്ങള്‍ നിരോധിക്കണം. ബുര്‍ഖയും ഖൂണ്‍ഘാത്തും ഇല്ലാതാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങിനെയെങ്കില്‍ ഞാന്‍ സന്തോഷവാനാകും. ഇറാഖ് ഒരു യാഥാസ്ഥിതിക മുസ്ലിം രാജ്യമാണ്. എന്നാല്‍ അവിടെപ്പോലും സ്ത്രീകള്‍ മുഖം മറയ്ക്കാറില്ല. ഇപ്പോള്‍ ശ്രീലങ്കയും അങ്ങിനെ തന്നെ ചെയ്യുകയാണ്”-അക്തര്‍ പറഞ്ഞു.

Read more

ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ ബുര്‍ഖ ഉള്‍പ്പെടെ മുഖം മറയ്ക്കുന്ന എല്ലാ വസ്ത്രങ്ങള്‍ക്കും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ മുഖപത്രമായ സാമ്‌നയിലൂടെ ഇന്ത്യയിലും ബുര്‍ഖ നിരോധിക്കാനുള്ള ഉത്തരവിറക്കണമെന്നാണ് ശിവസേന ആവശ്യപ്പെട്ടത്.