ഗ്രൂപ്പ് 23 ഇപ്പോഴുമുണ്ടോ, അതിരു കടന്നാല്‍ ഇടപെടും; അച്ചടക്കലംഘനം പാര്‍ട്ടി അനുവദിക്കില്ലെന്ന് കെ.സി വേണുഗോപാല്‍

പാര്‍ട്ടി വിമതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. അച്ചടക്ക ലംഘനം പാര്‍ട്ടി അനുവദിക്കില്ല. വിമര്‍ശനം അതിര് കടന്നാല്‍ ഇടപെടുക തന്നെ ചെയ്യും എന്ന് വേണുഗോപാല്‍ പറഞ്ഞു. ഗ്രൂപ്പ് 23 എന്ന് ഒന്ന് ഇപ്പോഴുമുണ്ടോ എന്ന് പരിഹസിച്ച അദ്ദേഹം പാര്‍ട്ടി വിട്ടവരുടെ നില ഭദ്രമാണോയെന്നും ചോദിച്ചു.

സോണിയ ഗാന്ധി മുഴുവന്‍ സമയം അധ്യക്ഷയാണ്. താന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തുടരണോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കട്ടെ എന്നും കെ. സി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം പഞ്ചാബ്, ഉത്തര്‍ പ്രദേശ്, മണിപ്പൂര്‍ അടക്കമുള്ള നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതാണ്. യു.പിയില്‍ എല്ലാ സീറ്റുകളിലും ജയിക്കുമെന്ന് ഉറപ്പില്ല. ബി.ജെ.പിയുടെ പരമ്പരാഗത വോട്ട് ബാങ്കുകളില്‍ കടന്നുകയറാന്‍ സാധിച്ചെങ്കിലും, അത് സമാജ് വാദി പാര്‍ട്ടിക്ക് പ്രയോജനകരമാകും.

പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നേരത്തെ ഹൈക്കമാന്‍ഡ് അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ജിത് ചന്നിയുടെ മൂന്ന് മാസത്തെ ഭരണത്തില്‍ വിശ്വാസമുണ്ടെന്നും, പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയും അകാലിദളും അപ്രതീക്ഷിത മുന്നേറ്റം നടത്തിയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.