ചെസ് ലോകകപ്പ് എനിക്ക് നേടാനാകും; രാജ്യത്തിന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിക്കും; ആത്മവിശ്വാസത്തില്‍ ആര്‍ പ്രഗ്‌നാനന്ദ

വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസില്‍ ഇന്ത്യയ്ക്ക് വാനോളം പ്രതീക്ഷകള്‍ നല്‍കുന്ന താരമാണ് ആര്‍ പ്രഗ്‌നാനന്ദ. ചെസ് ലോകകപ്പില്‍ ആര്‍ പ്രഗ്‌നാനന്ദ ഫൈനലില്‍ എത്തിയത് ഇന്ത്യന്‍ ചെസ് ആരാധകര്‍ക്ക് ഏറെ ആവേശകരമായിരുന്നു. 2024 ല്‍ നടക്കാനിരിക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പ്രഗ്നാനന്ദ ഇന്ത്യയ്ക്ക് ചതുരംഗ കിരീടം നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷ.

തനിക്കുമേല്‍ ഇപ്പോള്‍ യാതൊരു സമ്മര്‍ദ്ദവും ഇല്ലെന്നും രാജ്യത്തിന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ കഴിയുമെന്നും പ്രഗ്‌നാനന്ദ പറയുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് ഒരുപാട് മുന്നോട്ടുപോകാന്‍ തനിക്ക് കഴിയും. മോശം സാഹചര്യത്തില്‍ നിന്ന് നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്നത് സന്തോഷം നല്‍കുന്നുവെന്നും ലോകചാമ്പ്യനാകാന്‍ കഴിയുമെന്നും പ്രഗ്‌നാനന്ദ വ്യക്തമാക്കി.

ചൈനയുടെ ഡിങ് ലിറന്‍ ആണ് നിലവിലെ ലോക ചെസ് ചാമ്പ്യന്‍. ക്യാന്റിഡേറ്റ്‌സ് ടൂര്‍ണമെന്റിലെ വിജയികളാണ് ലോക ചെസ് ചാമ്പ്യന്‍ഷിപ്പിനായി നിലവിലെ ചാമ്പ്യനെ നേരിടുക. ലോകകപ്പിലെ പ്രകടനത്തോടെ പ്രഗ്‌നാനന്ദ ക്യാന്റിഡേറ്റ്‌സ് ടൂര്‍ണമെന്റിന് യോഗ്യത നേടിയിട്ടുണ്ട്. ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ ക്യാന്റിഡേറ്റ്‌സ് ടൂര്‍ണമെന്റിലെ വിജയമാണ് ഇനി പ്രഗ്‌നാനന്ദയുടെ മുന്നിലുള്ളത്.