ബാബറി പള്ളി പൊളിക്കൽ കേസിൽ നിരപരാധി, രാഷ്ട്രീയ ചായ്‌വ് കാരണം പെടുത്തി: എൽ‌.കെ അദ്വാനി

1992- ൽ ബാബറി പള്ളി പൊളിച്ചു മാറ്റിയ കേസിൽ മുതിർന്ന ബി.ജെ.പി നേതാവ് എൽ കെ അദ്വാനി പ്രത്യേക സി.ബി.ഐ കോടതിയിൽ മൊഴി രേഖപ്പെടുത്തി. പള്ളി പൊളിക്കാനുള്ള ഗൂഢാലോചനയിൽ പങ്കില്ലെന്ന് അദ്വാനി കോടതിയിൽ പറഞ്ഞതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു.

സ്‌പെഷ്യൽ ജഡ്ജി എസ് കെ യാദവിന്റെ കോടതി മുമ്പാകെ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് 92- കാരനായ മുൻ ഉപപ്രധാനമന്ത്രി മൊഴി രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ അഭിഭാഷകരായ വിമൽ കുമാർ ശ്രീവാസ്തവ, കെ കെ മിശ്ര, അഭിഷേക് രഞ്ജൻ എന്നിവർ കോടതിയിൽ ഹാജരായി. സി.ബി.ഐ അഭിഭാഷകരായ ലളിത് സിംഗ്, പി ചക്രവർത്തി, ആർ കെ യാദവ് എന്നിവരും പങ്കെടുത്തു.

1992 ഡിസംബർ 6- ന് അയോദ്ധ്യയിലെ ബാബറി പള്ളി പൊളിച്ചു മാറ്റാൻ “കർസേവകർക്കൊപ്പം” ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ആരോപണം അദ്വാനി നിഷേധിച്ചു. താൻ പൂർണമായും നിരപരാധിയാണെന്നും രാഷ്ട്രീയ കാരണങ്ങളാൽ അനാവശ്യമായി കേസിൽ വലിച്ചിഴക്കപ്പെട്ടുവെന്നും അദ്വാനി വാദിച്ചു. നടപടിയുടെ ഉചിതമായ ഘട്ടത്തിൽ തന്റെ എതിര്‍വാദം നൽകുമെന്ന് അദ്വാനി പറഞ്ഞു.

രാഷ്ട്രീയ സമ്മർദ്ദത്തിലാണ് അന്വേഷണം നടത്തിയതെന്നും കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം കൈമാറിയതെന്നും അദ്വാനി പ്രത്യേക സി.ബി.ഐ ജഡ്ജിയോട് പറഞ്ഞു.

സ്‌പെഷ്യൽ ജഡ്ജി 1,050 ചോദ്യങ്ങൾ അദ്വാനിയോട് ചോദിച്ചു. അദ്വാനി അതിനെല്ലാം ശ്രദ്ധാപൂർവ്വം മറുപടി നൽകി, ഗൂഢാലോചന ആരോപണങ്ങളെല്ലാം നിഷേധിക്കുകയും വിചാരണയ്ക്ക് ഹാജരാകേണ്ട കാരണങ്ങൾ ഇല്ലെന്ന് വാദിക്കുകയും ചെയ്തു.

1992- ലെ സംഭവവുമായി ബന്ധപ്പെട്ട ചില വീഡിയോ ക്ലിപ്പിംഗുകൾ, പത്രം റിപ്പോർട്ടുകൾ, മറ്റ് തെളിവുകൾ എന്നിവ ജഡ്ജി അദ്വാനിയോട് വിശദീകരിച്ചപ്പോൾ, അദ്വാനി അവ പൂർണമായും തെറ്റാണെന്നും രാഷ്ട്രീയ സ്വാധീനവും പ്രത്യയശാസ്ത്രപരമായ ചായ്‌വും കാരണം കോടതിയിൽ ഹാജരാക്കപ്പെട്ടതാണെന്നും പറഞ്ഞു.

കർസേവകരോട് നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളെ കുറിച്ചുള്ള തെളിവുകൾ ജഡ്ജി പരാമർശിച്ചപ്പോൾ, തെളിവുകൾ തെറ്റാണെന്നും രാഷ്ട്രീയ ദുരുപയോഗത്തിന് വീഡിയോ കാസറ്റുകളും പത്രങ്ങളും രാഷ്ട്രീയ സ്വാധീനത്താൽ അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടുത്തിയെന്നും ബിജെപിയുടെ മുതിർന്ന നേതാവ് പറഞ്ഞു.

“അദ്വാനി സമസ്തിപൂരിൽ അറസ്റ്റിലായി” എന്ന തലക്കെട്ടോടെ അദ്വാനിയുടെ അറസ്റ്റിനെ കുറിച്ച് 1990 ഒക്ടോബർ 24- ന് പ്രസിദ്ധീകരിച്ച ഒരു ഇംഗ്ലീഷ് പത്രത്തിന്റെ അടിസ്ഥാനത്തിൽ സിബിഐ സാക്ഷി നൽകിയ തെളിവുകളുടെ ഒരു ഭാഗം ജഡ്ജി പരാമർശിച്ചു.

അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്തിന്റെയും മറ്റ് സംഘടനകളുടെയും നേതാക്കൾ ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ പതിപ്പിൽ ഉണ്ടായിരുന്നു.

“ബന്ദ് സമാധാനപരമായിരിക്കുമെന്ന” ശിവസേന നേതാവ് ബാലസാഹേബ് താക്കറെയുടെ പ്രസ്താവനയും പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എങ്കിലും, ചില കർസേവകർ പള്ളിക്ക് മുകളിൽ കയറുന്നതിൽ വിജയിക്കുകയും അത് നശിപ്പിക്കുകയും ചെയ്തു.

1990 ഒക്ടോബർ 10- ന് “കർസേവ”കർക്ക് നേരെ നടന്ന പൊലീസ് വെടിവെയ്പിൽ ചില കർസേവകർക്ക് ജീവൻ നഷ്ടപ്പെട്ടു.

ഈ വിവരണം പൂർത്തിയായപ്പോൾ ജഡ്ജി അദ്വാനിയോട് ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു.

അറസ്റ്റിന്റെ വസ്തുത ഒഴികെ, മറ്റ് വിവരങ്ങൾ തെറ്റാണ്, രാഷ്ട്രീയ വിദ്വേഷവും പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളും കാരണം വസ്തുതകൾക്ക് നിറം പിടിപ്പിക്കാൻ അന്വേഷണത്തിൽ ഇത് ഉൾപ്പെടുത്തി എന്ന് അദ്വാനി മറുപടി നൽകി.

അഭിഭാഷകനായ മഹിപാൽ അലുവാലിയയ്‌ക്കൊപ്പം ഡൽഹിയിൽ നിന്ന് ഓൺലൈനായി കോടതിയിൽ ഹാജരായതിനാൽ രാവിലെ 11 മണിയോടെയാണ് അദ്വാനിയുടെ സത്യവാങ്‌മൂലം തുടങ്ങിയത്.

അദ്വാനിയുടെ പ്രസ്താവനയുടെ റെക്കോഡിംഗ് പൂർത്തിയായ ശേഷം, അതിന്റെ പകർപ്പ് അദ്വാനിയുടെ ഒപ്പ് ഇട്ട് സിബിഐയുടെ ഡൽഹി ഓഫീസിലേക്ക് അയയ്ക്കാൻ ജഡ്ജി ആവശ്യപ്പെട്ടു ഇത് പിന്നീട് കോടതിയിലേക്ക് അയയ്ക്കും.

കേസിൽ മറ്റുള്ളവർക്കൊപ്പം സിബിഐ നേരത്തെ അദ്വാനിക്ക് കുറ്റപത്രം നൽകിയിരുന്നു. എന്നാൽ നിരപരാധിയാണെന്ന് പറഞ്ഞ് അലഹബാദ് ഹൈക്കോടതി അദ്വാനിയെ വിട്ടയക്കുകയായിരുന്നു.

പക്ഷെ സിബിഐ നൽകിയ ഹർജിയെ തുടർന്ന് 2017- ൽ സുപ്രീംകോടതി ഗൂഢാലോചനക്കുറ്റത്തിന് വിചാരണ നേരിടാൻ അദ്വാനിയോട് നിർദ്ദേശിച്ചു.

കേസിൽ വ്യാഴാഴ്ച മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷിയുടെ മൊഴി പ്രത്യേക കോടതി രേഖപ്പെടുത്തിയിരുന്നു.

ബാബറി പള്ളി പൊളിച്ചു മാറ്റിയ കേസിലെ പ്രോസിക്യൂഷൻ സാക്ഷികളെ “നുണയന്മാർ” എന്ന് വിളിച്ച് 86- കാരനായ മുരളി മനോഹർ ജോഷി താൻ നിരപരാധിയാണെന്നും കേസിൽ തന്നെ അന്നത്തെ കോൺഗ്രസ് സർക്കാർ പ്രതി ചേർത്തതാണെന്നും ആരോപിച്ചു.

സി‌ആർ‌പി‌സിയിലെ സെക്ഷൻ 313 പ്രകാരം കേസിലെ 32 പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്ന ഘട്ടത്തിലാണ് ബാബറി പള്ളി പൊളിക്കൽ കേസിലെ വിചാരണ. പ്രതികൾക്കെതിരായ പ്രോസിക്യൂഷൻ തെളിവുകൾ നിരസിക്കാനുള്ള അവസരം അവർക്ക് ഇതിൽ ലഭിക്കും.

ഈ വ്യവസ്ഥകൾ പ്രകാരം ജൂലൈ 4 മുതൽ പ്രത്യേക കോടതി പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നു.

ഒരു പുരാതന രാമക്ഷേത്രം അതേ സ്ഥലത്ത് നിന്നിരുന്നുവെന്ന് അവകാശപ്പെട്ട് “കർസേവകർ” 1992 ഡിസംബർ 6- ന് അയോദ്ധ്യയിലെ പള്ളി പൊളിച്ചുമാറ്റി.

അക്കാലത്ത് രാമക്ഷേത്ര പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവരിൽ അദ്വാനിയും ജോഷിയും ഉണ്ടായിരുന്നു.

സുപ്രീംകോടതിയുടെ നിർദേശപ്രകാരം ഓഗസ്റ്റ് 31- നകം വിചാരണ പൂർത്തിയാക്കാൻ കോടതി ദൈനംദിന വാദം കേൾക്കുന്നു. ബിജെപി നേതാക്കളായ കല്യാൺ സിംഗ്, ഉമാ ഭാരതി എന്നിവരുടെ മൊഴി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.

അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന്റെ മുന്നോടിയായി ഓഗസ്റ്റ് 5- ന് നടക്കാനിരിക്കുന്ന ഭൂമി പൂജ ചടങ്ങിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അദ്വാനിയുടെ പ്രസ്താവന രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്വാനി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.

ഹിന്ദുക്കളും മുസ്ലിങ്ങളും അവകാശമുന്നയിച്ച അയോദ്ധ്യയിലെ 2.77 ഏക്കർ ഭൂമി ക്ഷേത്രം പണിയുന്നതിനായി സർക്കാർ നടത്തുന്ന ട്രസ്റ്റിന് കൈമാറുമെന്ന് സുപ്രീംകോടതിയുടെ അഞ്ച് ജഡ്ജി ഭരണഘടനാ ബെഞ്ച് കഴിഞ്ഞ വർഷം വിധിച്ചിരുന്നു.

അയോദ്ധ്യയിലെ മറ്റൊരു സ്ഥലത്ത് മുസ്ലിങ്ങൾക്കായി അഞ്ച് ഏക്കർ സ്ഥലവും കോടതി പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ക്ഷേത്രം പണിയുന്നതിനുള്ള ശിലാസ്ഥാപനം നടത്തുന്നതിന് ഓഗസ്റ്റ് 5- ന് നടക്കാനിരിക്കുന്ന ഭൂമി പൂജ ചടങ്ങ് നിർത്തിവെയ്ക്കണമെന്ന അപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശനിയാഴ്ച അയോദ്ധ്യയിലേക്ക് പോകുമെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചിട്ടുണ്ട്.