തനിക്കും മാതാവിനുമെതിരേ കോൺഗ്രസ് നടത്തുന്ന അധിക്ഷേപങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്കും മാതാവിനുമെതിരേ കോൺഗ്രസ് അധിക്ഷേപങ്ങൾ നടത്തുകയാണെന്നും താൻ ശിവഭക്തനാണെന്നും അധിക്ഷേപങ്ങളെ വിഷം എന്നതുപോലെ വിഴുങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അസമിലെ ദാരങ്ങിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജനങ്ങളാണ് തൻ്റെ യജമാനൻമാരും തന്നെ നിയന്ത്രിക്കുന്ന റിമോട്ട് കൺട്രോളുമെന്നും അവരുടെ മുന്നിലാണ് തൻ്റെ വേദന പ്രകടിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് സംവിധാനം തനിക്കെതിരേ ആക്രമണം നടത്തുമെന്നും ഞാൻ വീണ്ടും കരയുകയാണെന്ന് പറയുമെന്നും എനിക്കറിയാം. ജനങ്ങളാണ് എന്റെ ദൈവം. ഞാൻ ജനങ്ങൾക്കു മുന്നിൽ എൻ്റെ വേദന പ്രകടിപ്പിച്ചില്ലെങ്കിൽ പിന്നെവിടെ അത് ചെയ്യും? ജനങ്ങളാണ് എൻ്റെ യജമാനൻമാർ, എന്റെ ദൈവങ്ങൾ, എൻ്റെ റിമോട്ട് കൺട്രോൾ. എനിക്ക് മറ്റൊരു റിമോട്ട് കൺട്രോളും ഇല്ല, പ്രധനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ മഹാനായ പുത്രനും അസമിൻ്റെ അഭിമാനവുമായ ഭൂപൻ ഹസാരികയ്ക്ക് ഭാരതരത്ന നൽകിയപ്പോൾ, കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞത്, മോദി ഗായകർക്കും നർത്തകർക്കും പുരസ്കാരം നൽകുകയാണെന്നാണെന്നും മോദി പറഞ്ഞു. 2019-ൽ ഖാർഗെ നടത്തിയ പരാമർശം സൂചിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ പരാമർശം. 1962-ലെ ഇന്ത്യാ-ചൈന യുദ്ധത്തിന് ശേഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ മുറിവുകൾ ഉണങ്ങിയിട്ടില്ലെന്ന് അന്നത്തെ പ്രധാനമന്ത്രി ജവഹർലാർ നെഹ്‌റു പറഞ്ഞതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.







