ഭര്‍ത്താവിന് രഹസ്യ ബന്ധമെന്ന് സംശയം; ചോദ്യം ചെയ്ത ഭാര്യയെ യുവാവ് കടലില്‍ മുക്കിക്കൊന്നു

ഗോവയില്‍ ഭാര്യയെ കടലില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ ആഡംബര ഹോട്ടലിന്റെ മാനേജര്‍ അറസ്റ്റില്‍. ലഖ്‌നൗ സ്വദേശി ഗൗരവ് കട്ടിയാര്‍ ആണ് ഭാര്യ ദിക്ഷ ഗംഗ്വാറയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായത്. പനാജി കാബോ ഡി രാമ ബീച്ചില്‍ ഇന്നലെ ഉച്ചയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

സംഭവം അപകട മരണമായി വരുത്തി തീര്‍ക്കാനായിരുന്നു പ്രതിയുടെ ശ്രമം. എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഒരു ദൃക്‌സാക്ഷി പകര്‍ത്തിയതാണ് പ്രതിക്ക് വിനയായത്. യുവതിയുടെ മൃതദേഹത്തിലുണ്ടായിരുന്ന പരിക്കുകളും കേസില്‍ നിര്‍ണായകമായി. ഗോവയിലെ കോള്‍വയില്‍ മാരിയട്ട് ഹോട്ടലിലാണ് പ്രതി ജോലി നോക്കിയിരുന്നത്.

ഗൗരവിന് മറ്റൊരു സ്ത്രീയുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെ ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ തര്‍ക്കം നിലനിന്നിരുന്നു. യുവതി ഇതിനെ ചോദ്യം ചെ്തതാണ് പ്രതിയെ പ്രകോപിതനാക്കിയത്. ഇരുവരുടെയും വിവാഹം ഒരു വര്‍ഷം മുന്‍പാണ് നടന്നത്. കൊലപാതകത്തിന് ശേഷം പ്രതി ബഹളം വയ്ക്കുകയും ഭാര്യ മുങ്ങി മരിച്ചെന്ന് വരുത്തി തീര്‍ക്കാനും ശ്രമിച്ചതായി ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു.