ആരോഗ്യനില വഷളായി, ശ്രീകൈലാസത്തില്‍ ചികിത്സാസൗകര്യങ്ങളുമില്ല, നിത്യാനന്ദ ശ്രീലങ്കയില്‍ അഭയം തേടുന്നു

ആള്‍ദൈവവും ബലാത്സംഗക്കേസില്‍ പ്രതിയുമായ നിത്യാനന്ദ ശ്രീലങ്കയില്‍ രാഷ്ട്രീയ അഭയം തേടുന്നുവെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 7-ന് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെക്ക് തന്റെ ആരോഗ്യനില വഷളായതായി ചൂണ്ടിക്കാട്ടി കത്ത് എഴുതിയതായിയാണ് റിപ്പോര്‍ട്ട്. നിത്യാനന്ദയുടെ ശ്രീകൈലാസത്തിലെ മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ പരിമിതികളും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ശ്രീകൈലാസത്തിലെ വിദേശകാര്യ മന്ത്രിയെന്ന് അവകാശപ്പെടുന്ന നിത്യപ്രേമാത്മാ ആനന്ദ സ്വാമിയുടെ പേരിലാണ് കത്ത്. ശ്രീലങ്കന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.
‘ശ്രീ നിത്യാനന്ദ പരമശിവത്തിന് അടിയന്തിര വൈദ്യസഹായം ആവശ്യമാണ്.

കൈലാസത്തില്‍ നിലവില്‍ ലഭ്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഡോക്ടര്‍മാര്‍ക്ക് ഇപ്പോഴും അടിസ്ഥാന രോഗനിര്‍ണയം നടത്താന്‍ കഴിയുന്നില്ല. നിത്യാനന്ദയുടെ ആരോഗ്യം മനസ്സില്‍ വച്ചുകൊണ്ട് രാഷ്ട്രീയ അഭയം ഉടന്‍ നല്‍കണമെന്ന് ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു’

അദ്ദേഹത്തെ എയര്‍ ആംബുലന്‍സ് വഴി എയര്‍ലിഫ്റ്റ് ചെയ്യാനും ശ്രീലങ്കയില്‍ സുരക്ഷിതമായി വൈദ്യസഹായം നല്‍കാനും കഴിയുമെന്നും ശ്രീകൈലാസത്തിലെ വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടാതെ തന്റെ രാജ്യവുമായി നയതന്ത്ര ബന്ധം ആരംഭിക്കാന്‍ ശ്രീലങ്കയോട് അഭ്യര്‍ത്ഥിച്ചു. രാഷ്ട്രീയ അഭയം നല്‍കിയാല്‍ ശ്രീലങ്കയില്‍ നിക്ഷേപം നടത്തുമെന്നുള്ള നിത്യാനന്ദയുടെ വാഗ്ദാനവും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.