'ഹിന്ദുക്കള്‍ നാലു കുട്ടികള്‍ക്ക് ജന്മം നല്‍കണം'; ഗിരിജി മഹാരാജിന്റെ ആഹ്വാനം

ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ മറികടക്കാന്‍ ഹിന്ദുക്കള്‍ കുറഞ്ഞത് നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് ഹരിദ്വാര്‍ ഭാരത്മാതാ മന്ദിറിലെ സ്വാമി ഗോവിന്ദദേവ് ഗിരിജി മഹാരാജ്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നടക്കുന്ന ഹിന്ദുധര്‍മ സന്‍സദില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

“ഹിന്ദുക്കള്‍ക്കുമാത്രം രണ്ട് കുട്ടികള്‍ മതിയെന്ന നയം മാറ്റണം. ഹിന്ദു ജനസംഖ്യ കുറഞ്ഞ ഭൂപ്രദേശങ്ങള്‍ ഇന്ത്യക്ക് നഷ്ടമായി. ഇതാണ് ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയ്ക്ക് കാരണം. സര്‍ക്കാര്‍ ഏകീകൃത വ്യക്തിനിയമം നടപ്പാക്കുന്നതുവരെ രാജ്യത്തെ ഹിന്ദുക്കള്‍ കുറഞ്ഞത് നാലു കുട്ടികള്‍ക്കെങ്കിലും ജന്മം കൊടുക്കണം. രാജ്യത്ത് ഗോരക്ഷകര്‍ സമാധാനപ്രിയരാണ് എന്നാല്‍ ഗോരക്ഷകരെന്ന് നടിച്ച് ചില കുറ്റവാളികള്‍ വ്യക്തിപരമായ പകവീട്ടലുകള്‍ നടത്തുകയാണ്.” ഗിരിജി മഹാരാജ അഭിപ്രായപ്പെട്ടു. “ഗോരക്ഷകര്‍ സമാധാനപ്രിയരാണ്. ചില സ്ഥാപിത താത്പര്യക്കാരാണ് അവരെ അപകീര്‍ത്തിപ്പെടുത്തുന്നത്” അദ്ദേഹം പറഞ്ഞു.

ജാതീയമായ അസമത്വം അവസാനിപ്പിക്കാന്‍ സന്‍സദിലൂടെ കഴിയുമെന്ന് വിശ്വ ഹിന്ദു പരിഷത് അഭിപ്രായപ്പെട്ടു. ഹിന്ദുക്കള്‍ അഞ്ച് പ്രസവിക്കണം എന്ന പ്രസ്താവനയുമായി മുന്‍പ് ബി.ജെ.പി നേതാവ് സാക്ഷി മഹാരാജ് രംഗത്ത് വന്നിരുന്നു. രണ്ടു കുട്ടികള്‍ എന്ന നയം ഹിന്ദുക്കള്‍ ഉപേക്ഷിക്കണമെന്നും പകരം ഇത് പത്താക്കണമെന്നും വാസുദേവാനന്ദ് സരസ്വതിയും അഭിപ്രായപ്പെട്ടിരുന്നു.