കനത്ത മഴ: ഹിമാചല്‍ പ്രദേശില്‍ ഹോട്ടല്‍ കെട്ടിടം തകര്‍ന്ന് ഏഴു മരണം

ഹിമാചല്‍ പ്രദേശില്‍ ബഹുനിലകെട്ടിടം തകര്‍ന്നു മരിച്ചവരുടെ എണ്ണം ഏഴായി. ആറു സൈനികരും ഒരു നാട്ടുകാരനുമാണ് മരിച്ചത്. സൈനികരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. 17 സൈനികര്‍ ഉള്‍പ്പെടെ 28 പേരെ സംഭവസ്ഥലത്തു നിന്നു രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മരിച്ചവരില്‍ ആറുപേര്‍ സൈനികരാണ്. ഇന്നലെ വൈകീട്ടോടെയാണ് സോളനില്‍ അപകടമുണ്ടായത്. 30 സൈനികരും 7 പ്രദേശവാസികളും ഹോട്ടലില്‍ ഉണ്ടായിരുന്നെന്നാണ് വിവരം.

സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 14 പേരോളം കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ ഉണ്ടാകാമെന്നാണ് നിഗമനം.

നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നും ഏതാനും മണിക്കൂറുകള്‍ കൂടി തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം തുടരുമെന്നും സോളന്റെ ഡെപ്യൂട്ടി കമ്മീഷണര്‍ കെ. സി ചാമന്‍ പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലെ കോണ്‍ക്രീറ്റ് മുറിക്കാന്‍ ആണ് സമയമെടുക്കുന്നതെന്നും, അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം 4.30- ന് ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ മണിക്കൂറുകളില്‍ മഴ പെയ്തിരുന്നു. കഴിഞ്ഞ നാല് ദിവസമായി കനത്ത മഴയാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. കെട്ടിടം തകര്‍ന്നതിന്റെ കാരണം അന്വേഷണത്തിനു ശേഷം മാത്രമേ വ്യക്തമാകൂ എന്നും ചമന്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ ഇതിനകം ഉത്തരവിട്ടിട്ടുണ്ട്.