ദളിത് വിരുദ്ധ പരാമർശം; ഡി.എം.കെ നേതാവ് ആർ.എസ് ഭാരതി അറസ്റ്റിൽ

ദളിത് ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് രാജ്യസഭ എംപിയും ഡിഎംകെ സംഘടനാ സെക്രട്ടറിയുമായ ആർ എസ് ഭാരതിയെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു.

1989- ലെ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം ഭാരതിക്കെതിരെ കേസെടുത്തിട്ടുണ്ട്. ദളിത് വിരുദ്ധ പരാമർശത്തിൻറെ പേരിൽ ലോക്സഭാ എം പി ദയാനിധി മാരന് എതിരെയും കേസ് എടുത്തിട്ടുണ്ട്. ദയാനിധിയേയും അറസ്റ്റ് ചെയ്തേക്കും.

ഫെബ്രുവരി 14- ന് ചെന്നൈയിലെ ഡിഎംകെ യുവജനവിഭാഗത്തിന്റെ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഭാരതിക്കെതിരെ പരാതി ലഭിച്ചിരുന്നു. പ്രകോപനപരമായ പ്രസംഗത്തെ കുറിച്ച് അന്വേഷണം നടത്താനും കേസ് രജിസ്റ്റര്‍ ചെയ്ത് 30 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാനും മെയ് 12- ന് ഹൈക്കോടതി ചെന്നൈ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

മദ്രാസ് ഹൈക്കോടതിയിൽ ഉൾപ്പെടെ ദളിത് വിഭാഗത്തിൽ നിന്നുള്ള ധാരാളം ഹൈക്കോടതി ജഡ്ജിമാരുണ്ടെന്നും, ഇതെല്ലാം ദ്രാവിഡ പ്രസ്ഥാനത്തിൻ്റെയും കരുണാനിധിയുടെയും ഭിക്ഷയാണ് എന്നുമുള്ള പരാമർശമാണ് വിവാദമായത്. എന്നാൽ, അണ്ണാ ഡിഎംകെ നേതാക്കൾക്ക് എതിരെ അഴിമതി കേസ് കൊടുത്തതിലെ പ്രതികാരമാണ് തനിക്കെതിരായ നടപടിക്ക് പിന്നിലെന്നാണ് ആർ എസ് ഭാരതിയുടെ ആരോപണം. പൊലീസിനെ ഉപയോ​ഗിച്ച് അണ്ണാഡിഎംകെ തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.