പ്രതിപക്ഷ നേതാക്കളെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ശിവകുമാറിന്റെ അറസ്റ്റ്; അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ സ്വകാര്യ താത്പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുകയാണെന്നും കുമാരസ്വാമി

സ്വകാര്യ താത്പര്യങ്ങള്‍ക്ക് ഭീഷണിയാകുന്ന പ്രതിപക്ഷ നേതാക്കളെ  ഇല്ലാതാക്കാനാണ് ഭരണകക്ഷി ശ്രമിക്കുന്നതെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ അറസ്റ്റിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സികളെ സ്വകാര്യ താത്പര്യങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി. “വിശ്രമിക്കാന്‍ പോലും ഇടം നല്‍കാതെ ദിവസങ്ങള്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്”. എന്നാല്‍ അദ്ദേഹം അന്വേഷണങ്ങളോട് സഹകരിച്ചില്ലെന്നാണ് ഇ.ഡി ഇപ്പോഴും പറയുന്നത്. സ്വകാര്യ താത്പര്യങ്ങള്‍ക്ക് ഭീഷണിയാകുന്ന പ്രതിപക്ഷത്തെ നേതാക്കളെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ശിവകുമാറിന്റെ അറസ്റ്റെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായ നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് ശിവകുമാറിന്റെ അറസ്റ്റ്. കര്‍ണാടകത്തില്‍ ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രധാന സൂത്രധാരന്‍മാരില്‍ ഒരാളായ ഡി കെ ശിവകുമാര്‍ കര്‍ണാടക പിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന സൂചനകള്‍ക്കിടെയാണ് അറസ്റ്റിലാവുന്നത്.