ഗുജറാത്ത് ആദ്യഘട്ട തെരഞ്ഞെടുപ്പ്; ചൂടേറിയ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ഗുജറാത്തിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ശനിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പ് ബിജെപിക്കും കോൺഗ്രസിനും നിർണായകമാണ്. എ.ബി.പി. ന്യൂസ് -സി.എസ്.ഡി.എസ്. സര്‍വേയും കഴിഞ്ഞദിവസം ബി.ജെ.പി.ക്ക് വിജയം പ്രവചിച്ചിരുന്നു. എന്നാല്‍, 91-99 സീറ്റുകളുമായി കഷ്ടിച്ച് കടന്നു കൂടാനേ കഴിയുകയുള്ളൂവെന്നാണ് അവര്‍ പറയുന്നത്. എല്ലാ സര്‍വേകളും കോണ്‍ഗ്രസിന് മുന്നേറ്റം ഉണ്ടാകുമെന്ന് കരുതുന്നെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചിക്കുന്നു.

182 അംഗ സഭയില്‍ 2012-ല്‍ ബി.ജെ.പി.ക്ക് 115-ഉം കോണ്‍ഗ്രസിന് 61-ഉം സീറ്റുകളാണ് കിട്ടിയത്. ഡിസംബര്‍ ഒമ്പതിനും 14-നുമായി രണ്ടു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. മോഡി പ്രഭാവത്തിന് മങ്ങലേറ്റതായാണ് സർവേ ഫലങ്ങൾ വിലയിരുത്തുന്നത്. ഹാർദിക് പട്ടേലിനെ കൂട്ടുപിടിച്ചുള്ള കോൺഗ്രസിന്, തെരഞ്ഞെടുപ്പിൽ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ്  നേതൃത്വം.

പട്ടേൽ സമുദായത്തന്റെ ചുവടു മാറ്റവും ജിഗ്നേഷ് മേവാനിയുടെ പ്രവർത്തനവും തങ്ങൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും ബിജെപിക്ക് ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രചാരണത്തിനായി ഗുജറാത്തിൽ ക്യാമ്പ് ചെയ്യുകയാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ നടത്തിയ സര്‍വ്വേ പ്രകാരം 59 ശതമാനം വോട്ടുകള്‍ ബിജെപി നേടുമെന്നായിരുന്നു കണ്ടെത്തല്‍, എന്നാല്‍ ഇത് 43 ആയി കുറഞ്ഞത് സംസ്ഥാന ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.