നിയമസഭാ തിരഞ്ഞെടുപ്പ് ഫലം: ഗുജറാത്തില്‍ 130 സീറ്റില്‍ ബി.ജെ.പി മുന്നില്‍; ഹിമാചലില്‍ ഇഞ്ചോടിഞ്ച്

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ഗുജറാത്തില്‍ ബിജെപി വ്യക്തമായ ലീഡ് നേടിയെടുത്തിരിക്കുകയാണ്. ബിജെപി 130 സീറ്റിലും കോണ്‍ഗ്രസ് 43 സീറ്റിലും ലീഡ് ചെയ്യുന്നു. അഞ്ചിടത്ത് എഎപി ലീഡ് മുന്നിലാണ്. 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഗുജറാത്തില്‍ ബിജെപി ഏഴാം തവണയും വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം.

182 അംഗ നിയമസഭയിലേക്ക് ഡിസംബര്‍ ഒന്നിനും 5നും രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 63.14% പോളിങ് രേഖപ്പെടുത്തിയിരുന്നു.

ഹിമാചലില്‍ ആദ്യഫല സൂചനകളില്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്.  ബിജെപി 36 സീറ്റിലും യുഡിഎഫ് 32 സീറ്റിലും ലീഡ് ചെയ്യുന്നു. 35 സീറ്റാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്. എക്സിറ്റ് പോളുകളിലും അഭിപ്രായ സര്‍വേകളിലും ബിജെപിക്കായിരുന്നു മുന്‍തൂക്കം.

68 നിയമസഭാ മണ്ഡലങ്ങളിലേക്കായി 412 സ്ഥാനാര്‍ഥികളാണ് ഇത്തവണ ഹിമാചലില്‍ മത്സരിച്ചത്. ബിജെപിയും കോണ്‍ഗ്രസും 68 സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോള്‍, 67 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും സംസ്ഥാനത്ത് ആദ്യമായി മത്സരരംഗത്തുണ്ട്.