ഗുജറാത്ത് തിരഞ്ഞെടുപ്പ് ; കോണ്‍ഗ്രസ് പ്രചാരണം സെപ്റ്റംബര്‍ അഞ്ചിന് ആരംഭിക്കും

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ കോണ്‍ഗ്രസ് പ്രചരണം സെപ്തംബര്‍ അഞ്ചിന് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരംഭിക്കും. ഇതിന് മുന്നൊരുക്കമായുള്ള സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് നടപടികള്‍ കോണ്‍ഗ്രസ് ആരംഭിച്ചെന്നും സെപ്തംബര്‍ 15ന് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.

അഹമ്മദാബാദില്‍ മെഗാ റാലിയോടെയാണ് കോണ്‍ഗ്രസ് പ്രചരണം ആരംഭിക്കുന്നത്. 90 ദിവസം നീണ്ടുനില്‍ക്കുന്ന പ്രചരണമാണ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നത്.

മെയ് 10നാണ് രാഹുല്‍ അവസാനമായി ഗുജറാത്തിലെത്തിയത്. ആദിവാസി സത്യാഗ്ര റാലിയില്‍ പങ്കെടുത്ത രാഹുല്‍ അന്ന് സംസ്ഥാനത്തെ എംഎല്‍എമാരുമായും ഗോത്രവര്‍ഗ നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു.

ആംആദ്മി പാര്‍ട്ടി ഇതിനകം ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് കരുനീക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. 182 അംഗ സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനായി 19 പേരുകള്‍ അടങ്ങുന്ന രണ്ട് സ്ഥാനാര്‍ത്ഥികളുടെ പട്ടിക എഎപി ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.