ഭോപ്പാലില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടുത്തം; നാല് നവജാത ശിശുക്കള്‍ മരിച്ചു

മധ്യപ്രദേശിലെ ഭോപ്പാലില്‍ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ നാലു നവജാത ശിശുക്കള്‍ മരിച്ചു. കമലാ നെഹ്‌റു ആശുപത്രിയിലെ നവജാത ശിശു സംരക്ഷണ വിഭാഗത്തിലാണ് തിങ്കളാഴ്ച്ച തീപിടുത്തമുണ്ടായത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടനെ ആശുപത്രിയിലെത്തി കുട്ടികളെ അടുത്തുള്ള വാര്‍ഡിലേയ്ക്ക് മാറ്റിയെന്നും വാര്‍ഡിനുള്ളില്‍ മുഴുവന്‍ ഇരുട്ടായിരുന്നെന്നും സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് മാധ്യമങ്ങളോട് പറഞ്ഞു.

ഐ.സി.യു. സ്ഥിതി ചെയ്യുന്ന ആശുപത്രിയുടെ മൂന്നാം നിലയിലെ വാര്‍ഡിലാണ് രാത്രി 9 മണിയോടെ തീപിടുത്തമുണ്ടായത്, പത്തോളം ഫയര്‍ എഞ്ചിനുകൾ സ്ഥലത്തെത്തിയതായി ഫത്തേഗഡ് ഫയര്‍ സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ജുബര്‍ ഖാന്‍ പറഞ്ഞു.

നവജാത ശിശുക്കളുടെ മരണത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ദുഃഖം രേഖപ്പെടുത്തി. തീപിടുത്തത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് കുട്ടികളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത് ഇതിന് പിന്നാലെ മറ്റൊരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

സംഭവത്തില്‍ മുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറി (എസിഎസ്) ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ എജ്യുക്കേഷന്‍ മുഹമ്മദ് സുലൈമാനാണ് അന്വേഷണം നടത്തുകയെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. മരിച്ച കുട്ടികളുടെ കുടുംബത്തിന് സര്‍ക്കാര്‍ 4ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

വേദനാജനകമായ സംഭമാണുണ്ടായതെന്നും ഉന്നതതല അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് ആവശ്യപ്പെട്ടു.