17 ലക്ഷത്തിലധികം ട്രാഫിക് ചലാനുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം; റദ്ദാക്കിയ ചലാനുകള്‍ പോര്‍ട്ടലില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യും; ആനുകൂല്യം ദീപാവലിയോടനുബന്ധിച്ച്

ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ ദീപാവലിയോടനുബന്ധിച്ച് 17 ലക്ഷത്തിലധികം ട്രാഫിക് ചലാനുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു. 2018 ഏപ്രില്‍ ഒന്നിനും 2021 ഡിസംബര്‍ 31നും ഇടയില്‍ നല്‍കിയ ചലാനുകളാണ് റദ്ദാക്കുക. മൂന്ന് വര്‍ഷത്തിനിടെ 17,89,463 ചലാനുകളാണ് നിയമലംഘനങ്ങളെ തുടര്‍ന്ന് ട്രാഫിക് വിഭാഗം അയച്ചത്.

ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ടാണ് യോഗി സര്‍ക്കാരിന്റെ പുതിയ നീക്കമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം ഈ കാലയളവില്‍ ട്രാഫിക് ചലാനുകളില്‍ പിഴ ഒടുക്കിയവര്‍ക്ക് ആനുകൂല്യം ബാധകമല്ല. എന്നാല്‍ റദ്ദാക്കിയ കാലയളവിലെ പിഴ ചുമത്തിയിട്ടുള്ളവര്‍ ഇനി പിഴ അടയ്‌ക്കേണ്ടതില്ല. ഏഴ് ലക്ഷത്തിലധികം വാഹന ഉടമകള്‍ ഈ കാലയളവിലെ പിഴ അടച്ചതായാണ് റിപ്പോര്‍ട്ട്.

റദ്ദാക്കിയ ചലാനുകള്‍ പോര്‍ട്ടലില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യും. ഉത്തര്‍പ്രദേശില്‍ മുന്‍പും സമാനമായ രീതിയല്‍ പിഴ ഒഴിവാക്കി നല്‍കിയിട്ടുണ്ട്. മുന്‍പ് 2016 ഡിസംബറിനും 2021 ഡിസംബറിനും ഇടയില്‍ പിഴ ഈടാക്കിയ ചലാനുകള്‍ യുപി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. അന്ന് 30,000 ചലാനുകളാണ് സര്‍ക്കാര്‍ ഇടപെട്ട് ഒഴിവാക്കിയത്.